എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സ് കമ്പനിയിലെ ജീവനക്കാരായ അതിഥിതൊഴിലാളികളുടെ ആക്രമണം; സി.ഐ അടക്കം അഞ്ചുപേര്‍ക്ക് ഗുരുതരപരിക്ക്; പൊലീസ് ജീപ്പ് കത്തിച്ചു
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സ് കമ്പനിയിലെ ജീവനക്കാരായ അതിഥിതൊഴിലാളികള്‍ പൊലീസുകാരെ ആക്രമിച്ചു. കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ ജീവനക്കാരെയാണ് ഇവര്‍ ആക്രമിച്ചത്. സി.ഐ അടക്കം അഞ്ച് പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ പൊലീസുകാരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുന്നത്തുനാട് സിഐ ഷാജു അടക്കം അഞ്ച് പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. സിഐയുടെ തലക്ക് പരിക്കുണ്ട്. കൈ ഒടിഞ്ഞു. അക്രമത്തിന് പിന്നാലെ കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തിയെങ്കിലും അക്രമം ഇപ്പോഴും തുടരുന്നുണ്ട്. നാട്ടുകാരും വലിയ തോതില്‍ പ്രതിഷേധത്തിലാണ്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
അക്രമികള്‍ ഒരു പൊലീസ് ജീപ്പ് തകര്‍ക്കുകയും മറ്റൊന്ന് പൂര്‍ണമായി കത്തിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 150 ഓളം വരുന്ന അക്രമികളെ കസ്റ്റഡിയിലെടുത്തു.
ക്രിസ്മസ് കരോള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ശനിയാഴ്ച അര്‍ധരാത്രിയോടെ കിഴക്കമ്പലം കിറ്റക്‌സ് കമ്പനിയില്‍ ജോലി ചെയ്യുന്ന മണിപ്പൂര്‍, നാഗാലന്‍ഡ് സ്വദേശികളായ തൊഴിലാളികളാണ് അക്രമം നടത്തിയത്. തൊഴിലാളികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പ്രദേശവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തുകയുമായിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ട പൊലീസ് സംഘത്തിന് നേരേ അതിഥി തൊഴിലാളികള്‍ ആക്രമണം നടത്തുകയായിരുന്നു.