എരവട്ടൂര്‍ കേന്ദ്രീകരിച്ചുള്ള കഞ്ചാവ്-മദ്യ വില്പന ശൃംഖലയ്‌ക്കെതിരെ ശക്തമായ നടപടി വേണം


പേരാമ്പ്ര: എരവട്ടൂര്‍ കേന്ദ്രീകരിച്ച് കഞ്ചാവ്-മദ്യ വില്പന ശൃംഖല ശക്തിപ്പെടുന്നതായി പരാതി. മേഖലയില്‍ കഞ്ചാവിന്റെ വിതരണവും വില്‍പനയും അനധികൃത മദ്യവില്‍പനയും നിരോധിക്കപ്പെട്ട പാന്‍മസാലകളുടെ വിപണനവും വ്യാപകമായതായി നാട്ടുകാര്‍ പറഞ്ഞു. യുവാക്കളും വിദ്യാര്‍ഥികളും ഈ ലഹരി മാഫിയയുടെ വലയില്‍ അകപ്പെട്ടതായി രക്ഷിതാക്കള്‍ ഉല്‍ക്കണ്ഠപ്പെടുന്നു.

വിദ്യാഥികളെ ആകര്‍ഷിക്കാന്‍ തുടക്കത്തില്‍ സൗജന്യമായും പിന്നീട് അമ്പത് രൂപയുടെയും നൂറ് രൂപയുടെയും പൊതികളായും വിതരണം നടത്തുന്ന ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായും അക്ഷേപമുയരുന്നു. തൊഴില്‍ രഹിതരായ ചെറുപ്പക്കാരെ കണ്ടെത്തി നിശ്ചിത സ്ഥലങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്ന ജോലിയാണ് ഇവരെ ഏല്‍പിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് വിലങ്ങുതടിയായി രാത്രി കാലങ്ങളില്‍ പ്രദേശത്ത് ലഹരി മാഫിയ അഴിഞ്ഞാട്ടം തുടരുകയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് പൊലീസിന്റെ ശ്രദ്ധ കേന്ദ്രീച്ചരിതോടെയാണ് ഇത്തരം സംഘങ്ങള്‍ നാട്ടില്‍ ഭീഷണിയായതെന്നും പറയുന്നു.

എരവട്ടൂര്‍ റേഷന്‍കട പരിസരം, ബാങ്ക് പരിസരം, സ്‌ക്കൂള്‍ റോഡ്, മൊട്ടന്തറ മുക്ക്, കയ്യേലി റോഡ്, പാറപ്പുറം, കല്ലോട്, എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ലഹരി മരുന്നുകള്‍ സ്റ്റോക്ക് ചെയ്ത് വില്പന നടത്തുന്നത്. മാഹിഭാഗത്തുനിന്നാണ് വിദേശമദ്യമെത്തിക്കുന്നതെന്നും ഇടുക്കി, മൈസൂര്‍, വയനാട് ഭാഗങ്ങളില്‍നിന്നാണ് പ്രധാനമായും കഞ്ചാവ് കൊണ്ടുവരുന്നതെന്നാണ് പറയുന്നത്.

മദ്യ-കഞ്ചാവ് വില്പനയ്ക്കെതിരെ കര്‍ശനനടപടി എടുക്കണമെന്ന് സി.പി.എം എരവട്ടൂര്‍ ടൗണ്‍ ബ്രാഞ്ച് യോഗം പോലീസ് എക്‌സൈസ് അധികാരികളോട് ആവശ്യപ്പെട്ടു. ഏരിയാ കമ്മിറ്റി അംഗം പി.ബാലന്‍ അടിയോടി, പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ സെക്രട്ടറി വി.കെ.സുനീഷ്, കെ.പി.രവി, കെ.സുരേഷ്, ശശി തലത്താറ, ടി.കെ ശതീശന്‍, രാജേഷ് എം.എം, ബാബു.എം.എം, ചാലില്‍ ബാബു, ഷാജി തലത്തറ എന്നിവര്‍ പ്രസംഗിച്ചു. ഇ.എം.ബാബു അദ്ധ്യക്ഷത വഹിച്ചു.