എയിംസിനായി ബാലുശ്ശേരി കിനാലൂരിൽ സർവേ തുടങ്ങി


ബാലുശ്ശേരി: എയിംസ് സ്ഥാപിക്കുന്നതിനു അനുയോജ്യമാണെന്നു കണ്ടെത്തിയ കിനാലൂരിലെ കെഎസ്ഐഡിസിയുടെ കൈവശമുള്ള സ്ഥലത്ത് സർവേ തുടങ്ങി.150 ഏക്കർ സ്ഥലമാണ് സംസ്ഥാന സർക്കാർ എയിംസിനു വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാന സർക്കാരിന്റെ ഉന്നതതല സംഘങ്ങൾ കിനാലൂർ സന്ദർശിച്ചിരുന്നു.

ഇതേ തുടർന്നാണ് സർ‌ക്കാർ നിർദേശ പ്രകാരം സർവേ നടപടികൾ തുടങ്ങിയത്. ഉഷ സ്കൂൾ പരിസരത്ത് നിന്ന് കാറ്റാടി കുറുമ്പൊയിൽ ഭാഗത്തേക്കാണ് സർവേ നടത്തുന്നത്. നിർദിഷ്ട സ്ഥലം കാടുമൂടിയതു കാരണം സർവേ ദുഷ്കരമാണ്.

കോഴിക്കോട് നഗരത്തിൽ നിന്ന് 31 കിലോമീറ്ററും നിർദിഷ്ട മലയോര ഹൈവേയിൽ നിന്ന് എട്ടര കിലോമീറ്ററുമാണ് എയിംസിനായി പരിഗണിക്കുന്ന സ്ഥലത്തേക്കുള്ളത്. വൈദ്യുതി ജല ലഭ്യതയും എയിംസിനായി ഇവിടെ ഉറപ്പു വരുത്തിയിട്ടുണ്ട്.