എന്‍.പി.മൊയ്തീന്‍ പുരസ്‌കാരം കാവില്‍ പി. മാധവന്; പുരസ്‌കാര വേദിയില്‍ മൊയ്തീനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എ.കെ.ആന്റണി


കോഴിക്കോട്: കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഇന്‍കാസ് ദുബായ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 2021ലെ എന്‍.പി. മൊയ്തീന്‍ സ്മാരക പുരസ്‌കാരം കാവില്‍ പി. മാധവന്. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ പുരസ്‌കാരം സമ്മാനിച്ചു.

ചടങ്ങിന് എ.ഐ.സി.സി പ്രവര്‍ത്തക സമിതി അംഗവും രാജ്യസഭ മെമ്പറുമായ എ.കെ.ആന്റണി ഫോണിലൂടെ ആശംസകള്‍ അറിയിച്ചു. കെ.എസ്.യു രൂപീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ കെ.എസ്.യു ക്യാമ്പ് മുതല്‍ തുടങ്ങിയ ബന്ധം കെ.എസ്.യുവിലൂടെ വളര്‍ന്ന് യൂത്ത് കോണ്‍ഗ്രസിലൂടെ, കോണ്‍ഗ്രസിലൂടെ വളര്‍ന്ന് അവസാന കാലം വരെ താനും എന്‍.പി മൊയ്തീനും ഉറ്റചങ്ങാതിമാരായിരുന്നെന്നും എന്‍.പി. മൊയ്തീന്റെ പിതാവും ഭാര്യയും സഹോദരനും തനിക്ക് ഏറെ ബഹുമാനമുള്ള ആളുകളായിരുന്നെന്നും എ.കെ.ആന്റണി പറഞ്ഞു.

താന്‍ കെ.പി.സി.സി പ്രസിഡണ്ടായിരുന്ന കാലത്ത് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്ന എന്‍.പി. മൊയ്തീനും മറ്റ് സഹഭാരവാഹികളുമൊന്നിച്ച് എറണാകുളത്ത് വീട്ടില്‍ താമസിച്ചതും 1958 മുതല്‍ കഷ്ടപ്പാടുകള്‍ അനുഭവിച്ച് പാര്‍ട്ടി കെട്ടിപ്പടുത്ത ഓര്‍മ്മകളും എ. കെ. ആന്റണി പങ്കുവെച്ചു.

കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റ മുഖവും ശബ്ദവുമായി പതിറ്റാണ്ടുകളോളം പാര്‍ട്ടിയെ ചലിപ്പിച്ച നിസ്വാര്‍ഥമതിയും എതിര്‍ ചേരിയിലുള്ളവരുടെ പോലും ആദരവ് പിടിച്ചുപറ്റിയ കര്‍മ കുശലതയുള്ള ജനനേതാവുമായിരുന്നു എന്‍.പി. മൊയ്തീനെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഡി.സി.സി പ്രസിഡണ്ട് പ്രവീണ്‍കുമാര്‍ അനുസ്മരിച്ചു.

ഇന്‍കാസ് പ്രസിഡന്റ് ഫൈസല്‍ കണ്ണോത്ത് അധ്യക്ഷനായി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.എം. നിയാസ്, പ്രകാശ് മേപ്പയ്യൂര്‍, എ.കെ. അബ്ദു റഹ്‌മാന്‍, മഹമൂദ് പൂള, നസീര്‍ ചെരണ്ടത്തൂര്‍, എന്‍.പി. മൊയ്തീന്റെ ഭാര്യ ഖദീജ എന്നിവര്‍ സംസാരിച്ചു.