എന്‍.സുബ്രഹ്മണ്യന്‍ കൊയിലാണ്ടിയില്‍ യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥി


കൊയിലാണ്ടി: കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യന്‍ കൊയിലാണ്ടിയില്‍ വീണ്ടും ജനവിധി തേടും. ഐ ഗ്രൂപ്പ് സീറ്റായ കൊയിലാണ്ടി സുബ്രഹ്മണ്യൻ ഉറപ്പിച്ചതായാണ് വിവരം. യുഡിഎഫ് പ്രഖ്യാപനം നാളെ വരും. ജനശ്രി മിഷന്‍ ജില്ലാ ചെയര്‍മാന്‍ ആണ്. 2016ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എൽഡിഎഫിലെ കെ.ദാസനോട് ഇദ്ദേഹം 13,369 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു. സുബ്രഹ്മണ്യൻ ഇതിനോടകം തന്നെ മണ്ഡലത്തിൽ സജീവമായിട്ടുണ്ട്.

മികച്ച സഹകാരികൂടിയായ സുബ്രഹ്മണ്യന്‍ കുരുവട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കെ.ഡി.സി ബാങ്ക് എക്‌സിക്യുട്ടീവ് മെമ്പര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കുന്നമംഗലം നടുക്കണ്ടിയില്‍ ആണ്ടിയുടെയും ജാനുവിന്റെയും മകനായി ജനിച്ചു. ഭാര്യ ഷാജിമോള്‍ കുന്നമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയാണ്. മക്കള്‍ അരുണ, ആദിത്യ സുബ്രഹ്മണ്യന്‍.