“എന്റെ വാർഡിൽ വാക്സിൻ ലീഗുകാർക്കാണ് കൊടുക്കുന്നത്, ഇവിടെ ലീഗുകാരില്ലെങ്കിൽ അടുത്ത വാർഡിലെ ലീഗുകാർക്ക് ടോക്കൺ കൊടുക്കും” കൊയിലാണ്ടിയിൽ വാക്സിൻ വിതരണത്തിൽ സ്വജനപക്ഷപാതം; തെളിവ് പേരാമ്പ്ര ന്യൂസ് ഡോട് കോം പുറത്ത് വിടുന്നു


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ വാക്സിൻ വിതരണത്തിൽ ലീഗ് കൗൺസിലർ സ്വജന പക്ഷപാതം കാണിക്കുന്നതായി പരാതി. തന്റെ വാർഡിൽ വാക്സിനായി അനുവദിക്കുന്ന ടോക്കൺ ലീഗ്കാർക്കാണ് കൊടുക്കുകയെന്നും തന്റെ വാർഡിൽ ലീഗുകാരില്ലെങ്കിൽ അടുത്ത വാർഡുകളിലെ ലീഗുകാർക്ക് ടോക്കൺ അനുവദിക്കാറുണ്ടെന്നും പറയുന്ന ലീഗ് കൗൺസിലറുടെ ഓഡിയോ ആണ് പുറത്തായത്. കൊയിലാണ്ടി നഗരസഭ 42 ആം വാർഡ് കൗൺസിലറും മുസ്ലിം ലീഗ് നേതാവുമായ കെ.എം.നജീബിന്റെ ഓഡിയോയാണ് വിവാദമാകുന്നത്.

60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകാനായി നഗരസഭ സംഘടിപ്പിക്കുന്ന വാക്സിൻ ക്യാമ്പിന്റെ ഭാഗമായി ഓരോ വാർഡിലെയും കൗൺസിലർമാർക്ക് നിശ്ചിത എണ്ണം ടോക്കൺ അനുവദിക്കാറുണ്ട്. ഇത്തരത്തിൽ 42 ആം വാർഡിൽ വാക്സിനായി അനുവദിക്കുന്ന ടോക്കൺ മുസ്ലിം ലീഗ് കാർക്ക് മാത്രം അനുവദിക്കുന്നു എന്നാണ് പരാതി. 42 ആം വാർഡിൽ ലീഗ്കാരില്ലെങ്കിൽ തൊട്ടടുത്ത വാർഡിലെ ആവശ്യക്കാരായ ലീഗുകാർക്കും താൻ വാക്സിൻ ടോക്കൺ അനുവദിക്കാറുണ്ടെന്നും കൗൺസിലർ പറയുന്നു.

വിവാദ ഓഡിയോ കേൾക്കാം

42 ആം വാർഡിൽ അനുവദിക്കുന്ന വാക്സിൻ ടോക്കൺ അർഹതപ്പെട്ടവർക്ക് നൽകാതെ വാർഡിലെ മുസ്ലിം ലീഗ് കാർക്കും വാർഡിനു പുറത്തുള്ള ലീഗ്കാർക്കും അനുവദിക്കുന്ന കൗൺസിലർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയതായി വാർഡിലെ താമസക്കാരനായ സൗലത്ത് അഹമ്മദ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.