എന്റെ മാഷയെ രക്ഷിക്കാന്‍ ഞാന്‍ വിളിച്ചപ്പോള്‍ തിരക്ക് പറഞ്ഞ് നിങ്ങള്‍ ഒഴിഞ്ഞുമാറി, ചത്തൊടുങ്ങിയ ആ പൂച്ചകള്‍ നിങ്ങളുടെ ഉറക്കം കെടുത്താതിരിക്കട്ടെ; മൃഗഡോക്ടര്‍ക്കെതിരെ വൈകാരിക കുറിപ്പുമായി കൂരാച്ചുണ്ട് സ്വദേശി മൂസ


കൂരാച്ചുണ്ട്: പഞ്ചായത്തിലെ കാളങ്ങാലി ഭാഗത്തെ വീടുകളില്‍ അമ്പതോളം പൂച്ചകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചത്തൊടുങ്ങിയത്. വീട്ടിലെ ഒരംഗത്തെ പോലെ സ്‌നേഹിച്ചും പരിപാലിച്ചും പോന്നിരുന്ന പൂച്ചയുടെ വിയോഗം പലരെയും സങ്കടത്തിലാഴ്ത്തി. കൂരാച്ചുണ്ട് സ്വദേശി മൂസയ്ക്കും ഓമന പൂച്ചയായ ‘മാഷ’യെ നഷ്ടപ്പെട്ടിരുന്നു. തന്റെ ‘മാഷ’യെ നഷ്ടപ്പെടാനിടയാക്കിയ സാഹചര്യം വ്യക്തമാക്കി അദ്ദേഹം ഫേസ്ബുക്കില്‍ ഒരു പോസ്റ്റുമിട്ടു. കണ്ണു നിറയാതെ ആര്‍ക്കുമത് വായിച്ചു തീര്‍ക്കാന്‍ കഴിയില്ല.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഈ വാർത്തയിലെ അമ്പതോളം പൂച്ചകളിൽ ഒന്ന് എൻ്റെ ‘മാഷ’യായിരുന്നു. ഓർമ്മയുണ്ടോ?
ഞായറാഴ്ച ഞാൻ ഡോക്ടറെ വിളിച്ചിരുന്നു. രണ്ട് മൂന്നു ദിവസമായി ഭക്ഷണവും വെള്ളവും എടുക്കുന്നില്ലെന്ന് പറയുമ്പോൾ എനിക്കറിയില്ലായിരുന്നു ഭക്ഷണം കഴിക്കാതെ പത്തു ദിവസവും വെള്ളം കുടിക്കാതെ നാല് ദിവസവുമേ പൂച്ചകൾ അതിജീവിക്കൂ എന്നത്. വെറ്റിനറി ഡോക്ടറായ നിങ്ങൾക്ക് പക്ഷേ അതറിയാതിരിക്കാൻ വഴിയില്ല. “നിങ്ങൾ പേരാമ്പ്ര പോകൂ ഞാനിന്ന് ഉണ്ടാവില്ല’ എന്ന് പറയുന്നത്ര ഊർജ്ജം ചിലവാകില്ലായിരുന്നല്ലോ ”ഉടനെ ഗ്ലൂക്കോസ് കയറ്റു അല്ലെ അത് മരിച്ചു പോകും എന്ന് പറയാൻ.
പൂച്ച ചത്താലെന്താ അല്ലേ?
സാങ്കേതികമായി നിങ്ങൾ ശരിയാണ്.

ഡോക്ടർ,രണ്ടാഴ്ച്ച മുമ്പ് എൻ്റെ വീട്ടിൽ പശുവിനെ കുത്തിവെക്കാൻ വന്നിരുന്നു. അന്ന് എൻ്റെ ഭാര്യ ഡോക്ടറോട് പൂച്ചയുടെ ശർദ്ദിയെക്കുറിച്ച് പറഞ്ഞിരുന്നു.ഗർഭിണിയായതിനാലാവുമോ എന്ന അവളുടെ സന്ദേഹത്തെ പരിഹസിക്കാൻ കാണിച്ച അത്ര സമയം വേണ്ടിയിരുന്നില്ല അന്ന് അതിൻ്റെ രോഗവിവരം ആരാഞ്ഞ് ചികിത്സ നിർദ്ദേശിക്കാൻ .ഒരു പക്ഷേ അന്ന് ഡോക്ടർ ഒരിത്തിരി സഹാനുഭൂതി ആ മിണ്ടാപ്രാണികളോട് കാണിച്ചിരുന്നെങ്കിൽ അമ്പതിൽ ഒരെണ്ണമെങ്കിലും ഇന്ന് ജീവിച്ചിരുന്നിരിക്കാം.
. ചികിത്സ കിട്ടാതെ മരിച്ച പൂച്ചകൾ നിങ്ങൾക്കെതിരെ പരാതിപ്പെടില്ലാത്തതിനാൽ നിങ്ങൾ വിഷമിക്കേണ്ടതില്ല.

എൻ്റെ മാഷ ഈ വാർത്തയിലെ അമ്പതോളം പൂച്ചകളിൽ ഒന്നായി പോയ വിഷമം മാത്രമല്ല ,നിങ്ങളുടെയൊക്കെ നിരുത്തരവാദത്തിൻ്റെയും അധികാര മനോഭാവത്തിന്റെയും പേരിൽ ഒടുങ്ങിപ്പോകുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളെയാണല്ലോ ഞങ്ങൾ ജീവിതമെന്ന് വിളിക്കേണ്ടത് എന്ന സങ്കടത്തെയും കൂടിയാണ് ഈ എഴുത്തുകൊണ്ട് ഞാൻ ശമിപ്പിക്കേണ്ടത്.

മരിച്ചു പോയ പൂച്ചകൾ നിങ്ങളുടെ ഉറക്കം കെടുത്താതിരിക്കട്ടെ എന്ന് ആശംസിക്കുന്നു.

നബി:
മാഷയെ ഓർക്കുമ്പോൾ, ഏറെ ക്ഷമയോടെ കേൾക്കാനും പ്രായോഗികമായ നിർദ്ദേശങ്ങൾ തരാനും മനസ്സു കാണിച്ച കൂരാച്ചുണ്ട് വെറ്റിനറി ഹോസ്പിറ്റലിലെ ഫീൽഡ് ഇൻസ്പെക്ടർ ജയകൃഷ്ണൻസാറിനെയും, മനുഷ്യരെയും മറ്റു മൃഗങ്ങളെയും ഒരുപാട് സ്നേഹിക്കുന്ന പ്രൊഫസർ ഡോ:സാബിൻ ജോർജ്ജ് സാറിനെയും നന്ദിയോടെ ഓർക്കുന്നു.( ഫിലൈൻ പാർവ്വോ വൈറസിനെ കുറിച്ചും അവ പൂച്ചകളെ ബാധിക്കുന്നതിനെകുറിച്ചുമൊക്കെ വിശദമാക്കിത്തന്നത് പ്രൊഫസറാണ് )