എന്റെ മതവിശ്വാസങ്ങളുമായി ഇതിനെ കൂട്ടി കലര്‍ത്തരുത്, ഞാന്‍ എന്റെ ഉപജീവനമാര്‍ഗം ചെയ്യുന്നു; കണ്ണന്റെ ചിത്രങ്ങള്‍ വരച്ച് ജനശ്രദ്ധ നേടിയ കൊയിലാണ്ടിക്കാരി ജെസ്‌ന പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്


കൊയിലാണ്ടി: കുട്ടിക്കാലത്ത് ഉമ്മ വിളിച്ച ഒരു ഓമനപ്പേരുണ്ടായിരുന്നു, കണ്ണായെന്ന്‌ ആ വിളിയാണ് ഇന്ന് ജെസ്‌നയെ ലോകം അറിയപ്പെടുന്ന ചിത്രകാരിയാക്കി മാറ്റിയിരിക്കുന്നത്. ജെസ്‌ന വരയ്ക്കുന്ന ചിത്രങ്ങളില്‍ വെണ്ണ തിന്നുന്ന കൃഷ്ണന്റെ ചിത്രത്തിനാണ് ആവശ്യക്കാര്‍ ഏറെയുള്ളത്.

കൊയിലാണ്ടി കുറവങ്ങാട് സ്വദേശി ജെസ്‌നയുടെ ചിത്രത്തിന് ലോകം മുഴുവന്‍ ആരാധകരുണ്ട്. ഒരിക്കല്‍ കയ്യില്‍ കട്ടിയ ഒരു കൃഷ്ണന്റെ ചിത്രം നോക്കി വരച്ചു അത് അയല്‍വാസിക്ക് സമ്മാനമായി നല്‍കി. അവിടെ നിന്നാണ് ജെസ്‌നയിലെ ചിത്രകാരി ഉദയം ചെയ്യുന്നത്. പിന്നീട് അഞ്ഞൂറിലധികം ചിത്രങ്ങള്‍ ഓര്‍ഡറുകള്‍ക്ക് അനുസരിച്ച് ചെയ്ത് കൊടുത്തു.

ജെസ്‌ന വരയ്ക്കുന്നു

വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് സലീം ജെസ്‌നയ്ക്ക് പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്. പക്ഷേ ചില കുടുംബാംഗങ്ങളില്‍ നിന്ന് പലതരത്തിലുള്ള കുത്ത് വാക്കുകളും ജെസ്‌നയ്ക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും ജീവന്‍ വരെ അവസാനിപ്പിച്ചാലോ എന്ന് തോന്നിപ്പോയതായി ജെസ്‌ന പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

എന്റെ മതവിശ്വാസങ്ങളുമായി ഇതിനെ കൂട്ടി കലര്‍ത്തരുത്. ഞാന്‍ എന്റെ ഉപജീവനമാര്‍ഗം ചെയ്യുന്നു, എന്നാണ് ജെസ്‌നയ്ക്ക് പറയാനുള്ളത്. പത്താം ക്ലാസ് വരെ മാത്രമാണ് വിദ്യഭ്യാസം അതിന് ശേഷം സലീമിന്റെ ജീവിത സഖിയായി കുറവങ്ങാട് എത്തി. അതിന് ശേഷമാണ് കൃഷ്ണ ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങുന്നത്. ചിത്രം വര പഠിച്ചിട്ടില്ല. പഠിക്കുന്ന കാലത്ത് ഭൂപടം പോലും വരയ്ക്കാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ജെസ്‌ന ചിരിച്ചുകൊണ്ട് പറയുന്നു.

ഇന്ന് ജെസ്‌നയുടെ വെണ്ണ തിന്നുന്ന ഉണ്ണിക്കണ്ണന്റെ ചിത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ദിവസവും ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. തമിഴ്‌നാട്, കര്‍ണാടക, കാനഡ എന്നിവിടങ്ങളില്‍ നിന്നെല്ലാം ജെസ്‌നയുടെ ഉണ്ണിക്കണ്ണന്റെ ചിത്രങ്ങള്‍ ചോദിച്ച് വിളിക്കുന്നവരുണ്ട്.

കാന്‍വാസിലും അക്രലിക്കിലുമാണ് കൂടുതലായി ചിത്രങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ കാന്‍വാസിലുള്ള ചിത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറവാണ്. പലരും അക്രലിക്കിലാണ് ആവശ്യപ്പെടുന്നത്. മൂന്ന് ദിവസം കൊണ്ടാണ് ഒരു ചിത്രം പൂര്‍ത്തിയാക്കുക. പിന്നീട് അത് കൊറിയറില്‍ അയച്ചുകൊടുക്കും. ആറ് വര്‍ഷമായി ഈ മേഖലയില്‍ സജീവമാണ് ജെസ്‌ന.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.