‘എന്റെ പേര് എവിടെയെങ്കിലും പറഞ്ഞാല്‍ കാണിച്ചുതരാം’; സ്‌കൈവാച്ച് ഫ്ലാറ്റ് കേസില്‍ പി.ടി. ഉഷക്കെതിരെ ആരോപണവുമായി മുന്‍ അത്‌ലറ്റ് ജെമ്മ ജോസഫ്
പയ്യോളി: തടമ്പാട്ടുതാഴത്തെ സ്‌കൈവാച്ച് ഫ്ലാറ്റ് വഞ്ചന കേസില്‍ ഒളിമ്പ്യന്‍ പി.ടി. ഉഷക്കെതിരെ കൂടുതല്‍ ആരോപണവുമായി സുഹൃത്തും മുന്‍ അത്‌ലറ്റുമായ ജെമ്മ ജോസഫ്. ‘എന്റെ പേര് എവിടെയെങ്കിലും പറഞ്ഞാല്‍ കാണിച്ചുതരാം’ എന്നായിരുന്നു ഭീഷണിയെന്ന് ഉഷയടക്കം ഏഴുപേര്‍ക്കെതിരായ കേസിലെ പരാതിക്കാരിയായ ജെമ്മ വാര്‍ത്തസമ്മേളനത്തില്‍ വെളിപ്പെടുത്തി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ വാര്‍ത്ത സമ്മേളനം നടത്തുമെന്ന് പറഞ്ഞപ്പോഴായിരുന്നു ഒക്‌ടോബര്‍ ഒന്നിന് ഭീഷണിപ്പെടുത്തിയത്.
അടുത്ത കൂട്ടുകാരിയായതിനാല്‍ ഉഷയുടെ വാക്ക് വിശ്വസിച്ചെന്നും ജെമ്മ ജോസഫ് പറഞ്ഞു. 2019 മുതല്‍ നിരന്തരം ഫ്ലാറ്റ് വാങ്ങാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഫ്ലാറ്റിന്റെ നിര്‍മാതാക്കളായ മെല്ലോ ഫൗണ്ടേഷന്‍സ് ബല്‍ഡേഴ്‌സ് എം.ഡി ആര്‍. മുരളീധരന്‍ നെയ്‌വേലിയിലെ തന്റെ വീട്ടില്‍ വന്ന് 46 ലക്ഷം രൂപയുടെ ചെക്ക് വാങ്ങുകയായിരുന്നു. നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷനിലെ പേഴ്‌സനല്‍ ഓഫിസറായ താന്‍ ആകെ സമ്പാദ്യമായ പ്രൊവിഡന്റ് ഫണ്ടില്‍നിന്ന് തുകയെടുത്താണ് നല്‍കിയത്. വാഗ്ദാനം ചെയ്തതുപോലെ ഫ്ലാറ്റ് കൈമാറാതിരുന്നപ്പോള്‍ ഉഷയെ ബന്ധപ്പെട്ടു. ഒടുവില്‍ ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് ജെമ്മ പറഞ്ഞു.
മെല്ലോ ഫൗണ്ടേഷന്‍ എം.ഡി ആര്‍. മുരളീധരന്‍, ഡയറക്ടര്‍മാരായ കോഴിക്കോട് മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. പി.വി. നാരായണന്‍, ഡോ. വിനയചന്ദ്രന്‍ തുടങ്ങിയവര്‍ക്കെതിരെ കേസെടുത്തിട്ടും ചോദ്യം ചെയ്യലടക്കമുള്ള നടപടികള്‍ വൈകുകയാണെന്നും ജെമ്മ ജോസഫ് ആരോപിച്ചു. പൊലീസ് തന്റെ മൊഴിയെടുത്തെങ്കിലും പറഞ്ഞതൊന്നും എഴുതാന്‍ കൂട്ടാക്കിയിട്ടില്ല. ഫ്ലാറ്റ് തട്ടിപ്പില്‍ ശക്തമായ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ. അന്വേഷണം ശരിയായ നിലയിലല്ലെങ്കില്‍ മുഖ്യമന്ത്രി, ഡി.ജി.പി, കായികമന്ത്രി തുടങ്ങിയവര്‍ക്ക് പരാതി നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.