എന്നവസാനിക്കും കാത്തിരിപ്പ് ? പേരാമ്പ്ര- വേളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചേനായിക്കടവ്‌ പാലം യാഥാര്‍ത്ഥ്യമാക്കണെന്ന ആവശ്യം ശക്തമാകുന്നു


പേരാമ്പ്ര: ചേനായിക്കടവ്‌ പാലത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് നീളുന്നു. മേഖലയിലെ രൂക്ഷമമായ യാത്രാപ്രശ്‌നം പരിഹരിക്കുന്നതും വന്‍ വികസന സാധ്യത നല്‍കുന്നതുമായ ചേനായിക്കടവ്‌ പാലം യാഥാര്‍ത്ഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ അമ്പത് വര്‍ഷമായി പാലത്തിനായി നാട്ടുകാര്‍ മുട്ടാത്ത വാതിലുകളില്ല.

പേരാമ്പ്ര-കുറ്റ്യാടി അസംബ്ലി മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട വേളം – പേരാമ്പ്ര പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ചേനായിക്കടവ്‌ പാലം. രണ്ട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം യാഥാര്‍ത്ഥ്യമായാല്‍ യാത്രാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. എടവരാട്-ചേനായി കടവില്‍ പാലം പണിയുകയെന്നത് ഇരുപഞ്ചായത്തുകളിലെയും ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്.

നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ മറുകരയെത്താനുള്ള ഏക ആശ്രയം തോണി യാത്രയാണ്. പുഴയുടെ ഇരുകരകളിലുമുള്ള പ്രദേശത്തുകാര്‍ക്ക് വാഹനം വഴി പരസ്പരം ബന്ധപ്പെടുന്നതിന് പന്ത്രണ്ട് കിലോമീറ്ററിലധികം സഞ്ചരിക്കണം.

പാലം യാഥാര്‍ഥ്യമാകുന്നതോടെ വേളം, പെരുവയല്‍ മേഖലയിലുള്ളവര്‍ക്കും സമീപപ്രദേശത്തുകാര്‍ക്കും പേരാമ്പ്രയിലേക്കും അതുവഴി കോഴിക്കോട്ടേക്കുമുള്ള യാത്ര എളുപ്പമാകും. കുറ്റ്യാടി വഴിയോ കടിയങ്ങാട് വഴിയോ പോകാതെ തന്നെ ഏളുപ്പം പേരാമ്പ്രയിലേക്ക് എത്താന്‍ കഴിയും. വിദ്യാര്‍ഥികളടക്കം ദൈനംദിനയാത്ര ചെയ്യുന്നവര്‍ക്കെല്ലാം പാലം വരുന്നത് സഹായകമാകും. വ്യാപാരരംഗത്ത് പേരാമ്പ്ര പട്ടണത്തിന് മുതല്‍ക്കൂട്ടാവുകയും ചെയ്യും. കൂടാതെ വികസനത്തില്‍ മുരടിച്ചുകിടക്കുന്ന മേഖലകള്‍ക്ക് വലിയനേട്ടമാകുന്നതോടൊപ്പം ഇരു പ്രദേശങ്ങളിലെയും രൂക്ഷമായ യാത്രാക്ലേശം ശാശ്വതമായി പരിഹരിക്കപ്പെടുകയും ചെയ്യും.

പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

പാലത്തിന്റെ ഇന്‍വെസ്റ്റിഗേഷനു വേണ്ടി സര്‍ക്കാര്‍ 2015ല്‍ 4.70 ലക്ഷം രൂപ അനുവദിച്ചിരുന്നു. 2016 ല്‍ യു.എല്‍.സി.സി കരയിലെയും പുഴയിലെയും പാറപരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കി. 2016-ല്‍ പി.ഡബ്ല്യു.ഡി ക്ക് സമര്‍പ്പിച്ചതായും പറയുന്നു. പി.ഡബ്ലു.ഡിസൈന്‍ വിഭാഗം 2018 ഡിസംബറില്‍ ഡിസൈന്‍ പൂര്‍ത്തിയാക്കി. 129.40 മീറ്റര്‍ നീളം വരുന്ന പാലത്തിന് പേരാമ്പ്ര ഭാഗം 210 മീറ്ററും വേളം ഭാഗം 220 മീറ്ററുമുള്‍പ്പെടെ 430 മീറ്ററാണ് അപ്രോച്ച് റോഡിന്റെ നീളം. 11.30 കോടി പാലം നിര്‍മ്മാണത്തിനും 70 ലക്ഷം രൂപ സ്ഥലമേറ്റെടുക്കലിനുമുള്‍പ്പെടെ 12 കോടി രൂപയാണ് പാലത്തിന്റെ എസ്റ്റിമേറ്റ് തുകയായി കണക്കാക്കിയിട്ടുള്ളത്.

ചേനായിക്കടവ് പാലത്തിനായുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്. ഉടന്‍തന്നെ പാലം യാഥാര്‍ത്ഥ്യമാകുമെന്ന് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

‘കഴിഞ്ഞ ഏഴ് വര്‍ഷമായി പാലത്തിനായി ആക്ഷന്‍ കമ്മിറ്റി സര്‍ക്കാറിനെ സമീപിച്ചു കൊണ്ട് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. പേരാമ്പ്ര, കുറ്റ്യാടി എം.എല്‍.എമാര്‍, തുറമുഖ മന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്‍കി കാത്തിരിക്കുകയാണ്. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ പേരാമ്പ്ര, വേളം പഞ്ചായത്തുകള്‍ക്കും പാലം കടന്നു പോകുന്ന പ്രദേശങ്ങള്‍ക്കും വന്‍ വികസന സാധ്യതയാണ് പ്രതീക്ഷിക്കുന്നതെന്ന് ചേനായികടവ് പാലം ആക്ഷന്‍ കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനര്‍ ടി. കെ. കുഞ്ഞമ്മത് ഫൈസി പറഞ്ഞു.

പാലം യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് 1990 മുതല്‍ ജനങ്ങള്‍ അധികൃതരെ സമീപിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ മൂന്ന് ബജറ്റുകളിലും പാലത്തിന് ടോക്കണ്‍ സംഖ്യ വകയിരുത്തിയതിനാല്‍ ബജറ്റ് വരെ കാത്തിരിക്കാതെ തന്നെ സര്‍ക്കാരിന് ഭരണാനുമതി നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.