എന്താണ് മാസപ്പിറവി? ആ സംശയത്തിനുള്ള മറുപടി ഇവിടെയുണ്ട്. ഇത്തവണയും മാസപ്പിറവി കണ്ടത് കാപ്പാട്



സ്ലാമിക അനുഷ്ഠാനങ്ങളുടെ സമയം കണക്കാക്കുന്നത് ചന്ദ്രപ്പിറവി (മാസപ്പിറവി) അടിസ്ഥാനമാക്കിയാണ്. ശഅബാന്‍ മാസം 29 ന് രാത്രി ചന്ദ്ര ദര്‍ശനം ഉണ്ടായാല്‍ പിറ്റേന്ന് റമദാന്‍ ഒന്ന് ആയി കണക്കാക്കുന്നു. റമദാന്‍ 29 ന് ചന്ദ്രപ്പിറവി ഉണ്ടായാല്‍ പിറ്റേന്ന് ശവ്വാല്‍ 1 ന് ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിതര്‍) ആഘോഷിക്കുന്നു. അതേ പോലെ തന്നെ ദുല്‍ ഹിജ്ജ മാസപ്പിറവി കണ്ടത് മുതല്‍ പത്താം ദിവസം വലിയ പെരുന്നാള്‍ (ഈദുല്‍ അള്ഹാ) ആഘോഷിക്കുന്നു. ഏതെങ്കിലും മാസം 29ന് ചന്ദ്രദര്‍ശനം ഉണ്ടായില്ലെങ്കില്‍ 30ന് ചന്ദ്രദര്‍ശനം ഉണ്ടായാലും ഇല്ലെങ്കിലും മാസം പൂര്‍ത്തിയായതായി കണക്കാക്കുന്നു.

ജ്യോതിശാസ്ത്രം അടിസ്ഥാനമാക്കിയുള്ള ചന്ദ്രകലണ്ടറിലെ മാസാരംഭവും ഇസ്ലാമികകലണ്ടറിലെ മാസപ്പിറവിയും തമ്മില്‍ വ്യത്യാസമുണ്ട്. ജ്യോതിശാസ്ത്രത്തില്‍ ചന്ദ്രമാസം ആരംഭിക്കുന്നത് ചന്ദ്രന്‍ കണ്‍ജങ്ഷനില്‍ ആകുമ്പോഴാണ്. എന്നാല്‍ കണ്‍ജങ്ഷന്‍ കഴിഞ്ഞ് പതിനഞ്ച് മുതല് പതിനെട്ട് വരെ മണിക്കൂറുകള്‍ കഴിഞ്ഞുമാത്രമേ ചന്ദ്രനെ കാണാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല, പടിഞ്ഞാറന്‍ ആകാശം മേഘം മൂടിയതിനാലോ മറ്റോ ആകാശത്തില്‍ ഉണ്ടെങ്കിലും ചന്ദ്രനെ കാണാന്‍ സാധിക്കാതെ വരാം. ചന്ദ്രനെ കാണുക എന്നതിനാണ് പ്രാധാന്യം എന്നതിനാല്‍ ജ്യോതിശാസ്ത്രപരമായി മാസാരംഭമായാലും ഇത്തരം അവസരങ്ങളില്‍ നിലവിലുള്ള മാസത്തില്‍ 30 ദിനം തികയുമ്പോഴേ മാസപ്പിറവി കണക്കാക്കുകയുള്ളൂ. ഒന്നോ അധികമോ വിശ്വസ്തരായ വ്യക്തികള്‍ ചന്ദ്രനെ കണ്ടതായി ഇസ്ലാമിക നേതൃത്വത്തിന്റെ കമ്മിറ്റിക്ക് മുമ്പില്‍ സാക്ഷ്യം വഹിച്ചാലേ മാസപ്പിറവി അംഗീകരിക്കുകയുള്ളൂ.

ചന്ദ്രനെ കാണുക എന്നതിന് ഇസ്ലാമിക കലണ്ടറിലുള്ള ഈ പ്രാധാന്യം അനേകം മുസ്ലിം ശാസ്ത്രജ്ഞര്‍ ജ്യോതിശാസ്ത്രത്തിലേക്ക് തിരിയുന്നതിനും മധ്യകാലത്ത് ജ്യോതിശാസ്ത്രത്തിന്റെ മുന്‍പന്തിയില്‍ ഇസ്ലാമികലോകം എത്തുന്നതിനും കാരണമായി.

മേല്‍പറഞ്ഞ പ്രശ്‌നങ്ങളാല്‍ വിവിധ പ്രദേശങ്ങളില്‍ മാസപ്പിറവി വിവിധ ദിവസങ്ങളിലാകാന്‍ സാധ്യതയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെരുന്നാളും മറ്റും ഒന്നോ രണ്ടോ ദിവസത്തിന്റെ വ്യത്യാസത്തില്‍ ആകാന്‍ കാരണം ഇതാണ്. ഈ വിഷമതകള്‍ അകറ്റാന്‍ ചില രാജ്യങ്ങളും (മലേഷ്യ, ഇന്തൊനേഷ്യ മുതലായവ) ഇസ്ലാമിലെ ചില വിഭാഗങ്ങളും ജ്യോതിശാസ്ത്രത്തെ അടിസ്ഥാനമാക്കി മാസപ്പിറവി നിശ്ചയിക്കുന്നു. എന്നാലും ചന്ദ്രനെ കണ്ടാലേ മാസത്തിലെ 29-ആം തീയതി മാസപ്പിറവിയായി അംകരിക്കുകയുള്ളൂ എന്ന രീതിയാണ് കൂടുതല്‍ പ്രബലം.

ഇത്തവണയും കാപ്പാടാണ് മാസപ്പിറവി കണ്ടത്. കാപ്പാട് ഖാസി ശിഹാബുദ്ധീന്‍ ഫൈസിയാണ് മാസപ്പിറവി കണ്ട കാര്യം ഉറപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ റമദാന്‍ ഒന്ന് ചൊവ്വാഴ്ചയായിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി കെ.വി ഇമ്പിച്ചമ്മദും അറിയിച്ചു. റമദാന്‍ മാസ വ്രതാരംഭവും നാളെയാണ്.

വെള്ളയിലും ചന്ദ്രക്കല കണ്ടതായി ഖാസിമാര്‍ സ്ഥിരീകരിച്ചു. കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു. റമദാന്‍ ഒന്ന് ചൊവ്വാഴ്ച ആയിരിക്കുമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ് ല്യാര്‍ അറിയിച്ചു.

മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ സൗദി അറേബ്യയും ഖത്തറും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ റമദാന്‍ വ്രതാരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് സൗദി സുപ്രിം കോടതിയും ഖത്തര്‍ ഔഖാഫ് മന്ത്രാലയവും അറിയിച്ചിരുന്നു. ഒമാന്‍, യുഎഇ, കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും ചൊവ്വാഴ്ചയാണ് വ്രതാരംഭം.