എട്ട് മാസം കൊണ്ട് പൂര്‍ത്തീകരിക്കേണ്ട പേരാമ്പ്ര-ചെമ്പ്ര റോഡ് നിര്‍മ്മാണം രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഇഴഞ്ഞുനീങ്ങുന്നു; പൊടിയില്‍ മുങ്ങി പ്രദേശവാസികള്‍


പേരാമ്പ്ര: പേരാമ്പ്ര-ചെമ്പ്ര റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിനാല്‍ പൊടിയില്‍ മുങ്ങി പ്രദേശവാസികള്‍. എട്ട് മാസത്തിനകം പൂര്‍ത്തീകരിക്കാന്‍ കരാര്‍ നല്‍കിയ റോഡ് നിര്‍മ്മാണമാണ് രണ്ട് വര്‍ഷമായിട്ടും ഒച്ചിന്റെ വേഗത്തില്‍ പുരോഗമിക്കുന്നത്. 2019 ലാണ് പ്രവൃത്തി ആരംഭിച്ചത്.

പേരാമ്പ്രമുതല്‍ പുറ്റംപൊയില്‍വരെ 2.2 കിലോമീറ്റര്‍ ദൂരമാണ് 5.5. മീറ്റര്‍ വീതിയില്‍ പുനര്‍നിര്‍മിക്കുന്നത്. അഴുക്കുചാല്‍ നിര്‍മാണവും ചില സ്ഥലങ്ങളില്‍ റോഡ് ഉയര്‍ത്തലും ചിലയിടങ്ങളില്‍ റോഡിന്റെ ഉയരം കുറയ്ക്കലും കലുങ്ക് നിര്‍മാണവുമെല്ലാം പ്രവൃത്തിയുടെ ഭാഗമായി നടക്കുന്നുണ്ട്. റോഡിന്റെ ഉയരം കുറയ്ക്കാനായി മണ്ണെടുത്തുമാറ്റിയ ഇടങ്ങളിലെല്ലാം പൊടിയില്‍ കുളിച്ചാണ് യാത്രക്കാര്‍ പോകേണ്ടിവരുന്നത്. ജലജീവന്‍ പദ്ധതിക്കായി അടുത്തിടെ റോഡിന്റെ വശങ്ങളില്‍ പൈപ്പിട്ടത് കാരണം ആ മണ്ണും റോഡരികിലുണ്ട്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള കച്ചവടസ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളിലുള്ളവരും പൊടിശല്യം കാരണം ദുരിതമനുഭവിക്കുകയാണ്.

ബസടക്കം വലിയ വാഹനങ്ങള്‍ പോകുന്നതോടെ പിന്നാലെ വരുന്ന ബൈക്ക് യാത്രക്കാര്‍ പൊടിയില്‍ കുളിക്കുകയാണ്. പേരാമ്പ്രയിലേക്ക് കാല്‍നടയായി പോയിരുന്നവരെല്ലാം പൊടിശല്യത്താല്‍ ഇപ്പോള്‍ യാത്ര ഒഴിവാക്കുകയാണ്. ഒട്ടേറെ തവണ മേലധികാരികളുമായി ബന്ധപ്പെട്ടിട്ടും നിര്‍മാണപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ അനുഭവം.

പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്നും റോഡ് പ്രവൃത്തി വേഗം പൂര്‍ത്തീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭരംഗത്തിറങ്ങാന്‍ കോണ്‍ഗ്രസ് ഉണ്ണിക്കുന്ന് മേഖലാ കമ്മിറ്റി തീരുമാനിച്ചു. പി.ഡബ്ല്യു.ഡി ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു.

യോഗത്തില്‍ ഷീന വയലാളി അധ്യക്ഷയായി. സജീവന്‍ കുഞ്ഞോത്ത്, സല്‍മ അസീസ്, ബൈജു ആയടത്തില്‍, വി.പി. സുരേഷ്, കല്ലുംപുറം ഗോപാലന്‍, മഞ്ജുജ, ബാലകൃഷ്ണന്‍ കുറ്റിക്കണ്ടി, ബഷീര്‍ വയലാളി, യു.സി. മുനീര്‍, സിന്ധു ഗിരീഷ്, റീജ രാജന്‍, അര്‍ഷിന ഫറൂഖ് എന്നിവര്‍ സംസാരിച്ചു.