നിപ; രോഗലക്ഷണമുള്ളവുടെ എണ്ണംകൂടുന്നു, എട്ടുപേർക്ക് രോഗലക്ഷണം; ഹൈ റിസ്‌ക് പട്ടികയില്‍ 32 പേര്‍


കോഴിക്കോട്: നിപ ബാധിച്ച് മരിച്ച ചാത്തമംഗലത്തെ കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള എട്ടുപേര്‍ക്ക് രോഗലക്ഷണം. 251 പേരാണ് കുട്ടിയുടെ സമ്പര്‍ക്കപട്ടികയിലുള്ളത്.

കുട്ടിയുമായി അടുത്ത് ബന്ധപ്പെട്ട ഹൈ റിസ്‌ക് വിഭാഗത്തില്‍ 32 പേരുണ്ട്. ഇവര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

ഞായറാഴ്ച പുലര്‍ച്ചെയാണ് ചാത്തമംഗലം സ്വദേശിയായ പന്ത്രണ്ട് വയസ്സുകാരന്‍ നിപ ബാധിച്ച് മരണപ്പെട്ടത്. കുട്ടിക്ക് എവിടെ നിന്നാണ് വൈറസ് ബാധിച്ചത് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

മരിച്ച കുട്ടി റംമ്പൂട്ടാന്‍ കഴിച്ചിരുന്നെന്നും നിപയുടെ ഉറവിടം അതാകാമെന്നുമുള്ള സംശയമുണ്ട്. റംമ്പൂട്ടാനില്‍ നിന്നാകാം വൈറസ് പടര്‍ന്നതെന്നാണ് കേന്ദ്രസംഘത്തിന്റെ പ്രാഥമിക നിഗമനമെന്ന് മന്ത്രി എ.കെ. ശശീന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ സംസ്ഥാനത്ത് രണ്ടുതവണ നിപ റിപ്പോര്‍ട്ട് ചെയ്തവേളയിലും വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. നിപ പ്രതിരോധത്തില്‍ പ്രധാനമാണിത്. ഇത്തവണയെങ്കിലും വൈറസിന്റെ ഉറവിടം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.