എടവനക്കുളങ്ങരയിൽ നിറഞ്ഞാടി അഴിമുറിത്തിറ


കൊയിലാണ്ടി: അരിക്കുളം എടവനകുളങ്ങര ക്ഷേത്രത്തിൽ കെട്ടിയാടിയ അഴിമുറിത്തിറയ്ക്ക് പെരുമകളേറെ. കേരളത്തിലെ തന്നെ അപൂര്‍വ്വം തിറയായ അഴിമുറി തിറ കെട്ടിയാടുന്നത് ഈ ക്ഷേത്രത്തിലാണ്.
27 ന് രാത്രി പതിനൊന്ന് മണിക്ക് അഴിനോട്ടം തിറയും, 28-ന് പുലർച്ചെ നാലുമണിക്ക് അഴിമുറിത്തിറയുമാണ് ആടിത്തിമിർത്തത്. ദേവീ മാഹാത്മ്യത്തിലെ ശുംഭ, നിശുംഭ വധവുമായി ബന്ധപ്പെട്ടതാണ് അഴിമുറി തിറ.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേരാണ് ഈ തിറ കാണാനെത്തിയത്. വിശ്വാസികൾ വഴിപാടായി നൽകുന്ന തെങ്ങും കമുങ്ങും ഉപയോഗിച്ചാണ് അഴിമുറിത്തിറയ്ക്ക് വേണ്ട അഴികൾ ഉണ്ടാക്കുക. ഇതിൽ കയറിയിറങ്ങിയും ഊഞ്ഞലാടിയും ഭക്തരെ വിസ്മയം കൊള്ളിക്കും.

ഏറെ മെയ്‌വഴക്കമുള്ളവരാണ് ഈ തിറ കെട്ടുക. വാകമോളി തറവാട്ടിലെ ആശാരിമാരാണ് അഴികൾ നിർമിക്കുക. ഏഴുമീറ്റർ നീളമുള്ള നാല് തെങ്ങിൻ കാലുകൾ കുഴിച്ചിടും. അതിൽ രണ്ടടിയോളം ഇടവിട്ട് ദ്വാരമുണ്ടാക്കി അതിനുള്ളിലൂടെ കമുകിൻ അലകുകളും ഇടും. ഓരോ കാലുകളും നാലടിയോളം അകലത്തിലാണ് കുഴിച്ചിടുക. 15 ആശാരിമാർ വ്രതശുദ്ധിയോടെയാണ് അഴിനിർമാണം നടത്തുക. കിഴക്കെ ആശാരിക്കൽ മാധവനാചാരിയുടെ നേതൃത്വത്തിലാണ് അഴി നിർമിക്കുക.

ഉത്സവദിനമായ കുംഭം 15-ന് (ഫെബ്രുവരി 27) രാത്രി പതിനൊന്ന് മണിക്ക് അഴിനോട്ടം തിറയും പുലർച്ചെ നാലു മണിക്ക് അഴിമുറി തിറയുമാണ്. ശുംഭ നിശുംഭന്മാരെ ആകർഷിക്കുവാനായി ദേവി സുന്ദരിയായി ഹിമാലയ ശൃംഗത്തിൽ സ്വർണ ഊഞ്ഞാലിൽ ആടിയതിന്റെ പ്രതീകമായിട്ടാണ് അഴിനോട്ടം തിറ.

അഴിമുറി തിറകെട്ടിയാടിയ നിധീഷ് കാവുംവട്ടം

പുലർച്ചെ നാലുമണിക്കാണ് അഴിമുറിത്തിറ. ആറുതവണ അഴികൾ കയറിയിറങ്ങും. ആറാമത്തെ തവണ മുഖത്ത് മഷി (ചാന്ത്) തേച്ച് രൗദ്രഭാവം പ്രകടമാക്കും. ദേവി ശുംഭ നിശുംഭന്മാരെ വധിക്കുന്നതാണ് പിന്നീട് പ്രകടമാക്കുക. അവസാനഘട്ടത്തിൽ തിറ ഉറഞ്ഞ് തുള്ളുമ്പോൾ അവകാശികൾ അഴികളെല്ലാം മുറിച്ചു മാറ്റും.