എം വി ജയരാജന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
പരിയാരം: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം.
കോവിഡ് ന്യൂമോണിയായതിനാല്‍ ഗുരുതരസ്ഥിതി കണക്കാക്കിത്തന്നെ ചികിത്സ തുടരണമെന്ന് കോഴിക്കോട്ടുനിന്നും തിരുവനന്തപുരത്തുനിന്നും എത്തിയ വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ജനുവരി 18-നാണ് ജയരാജനെ കൊവിഡ് ബാധിച്ച് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണയ കൂടി ബാധിച്ചതിനാല്‍ 20-ന് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എം.വി ജയരാജന് പ്രമേഹവും രക്തസമ്മര്‍ദവുമുണ്ട്. രക്തത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞതിനാല്‍ സി-പാപ്പ് വെന്റിലേറ്ററിന്റെ സഹായത്തോടെ സാധാരണനിലയിലേക്ക് ക്രമീകരിച്ചിട്ടുണ്ടെന്നും തിങ്കളാഴ്ച മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. കോഴിക്കോട്ടുനിന്നുള്ള ക്രിട്ടിക്കല്‍ കെയര്‍ വിദഗ്ധരായ ഡോ. എ.എസ്. അനൂപ്കുമാര്‍, ഡോ. പി.ജി. രാജു എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം തിങ്കളാഴ്ച രാവിലെ ജയരാജനെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കി. ഇപ്പോഴുള്ള ചികിത്സ തുടരാന്‍ സംഘം നിര്‍ദേശിച്ചു. വൈകീട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്രിട്ടിക്കല്‍ കെയര്‍ വിദഗ്ധരായ ഡോ. എസ്.എസ്. സന്തോഷ്‌കുമാര്‍, ഡോ. അനില്‍ സത്യദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവും ജയരാജനെ പരിശോധിച്ചു.
ആരോഗ്യമന്ത്രി ഞായറാഴ്ച രാത്രി ആശുപത്രിയിലെത്തി വിളിച്ചുചേര്‍ത്ത പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം സ്ഥിതി വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട്ടുനിന്നും തിരുവനന്തപുരത്തുനിന്നും ക്രിട്ടിക്കല്‍ കെയര്‍ വിദഗ്ധരെ വരുത്തിയത്.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക