എം.പി ഫണ്ട് വീണ്ടും; എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനസ്ഥാപിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തി വച്ച എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനസ്ഥാപിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 2020 ല്‍ കൊവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സമയത്താണ് രണ്ട് വര്‍ഷത്തേക്ക് എം.പി ഫണ്ട് മരവിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തത്.

ഇനി മുതല്‍ 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ ബാക്കി കാലയളവില്‍ എം.പിമാര്‍ക്ക് ഫണ്ട് ചെലവഴിക്കാം. 2025-26 സാമ്പത്തിക വര്‍ഷം വരെ ഇത് തുടരാനും കഴിയുമെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.

എം.പിമാര്‍ക്ക് സ്വന്തം മണ്ഡലത്തിലോ ജില്ലയിലോ പ്രാദേശിക വികസനത്തിനായി ജില്ലാ കളക്ടര്‍ മുഖേനെ വിനിയോഗിക്കാന്‍ കഴിയുന്ന ഫണ്ടാണ് എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട്. പ്രതിവര്‍ഷം അഞ്ച് കോടി രൂപയാണ് ഓരോ എം.പിക്കും ഇതിനായി ലഭിക്കുക. രണ്ടര കോടി രൂപ വീതം രണ്ട് ഗഡുക്കളായാണ് കേന്ദ്രസര്‍ക്കാര്‍ പണം അനുവദിക്കുക.

രാജ്യസഭയിലെ എം.പിമാര്‍ക്ക് സ്വന്തം സംസ്ഥാനത്തെ ഏത് ജില്ലയിലും പണം ചെലവഴിക്കാം. നോമിനേറ്റഡ് അംഗത്തിന് ഏത് സംസ്ഥാനത്തെയും ഒന്നിലധികം ജില്ലകളില്‍ പണം വിനിയോഗിക്കാം.