എം.എല്‍.എയുടെ കടയില്‍ തുണിയുടുക്കാതെയെത്തി മോഷണം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു


കോഴിക്കോട്: തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള കോഴിക്കോട് യു.കെ.എസ് റോഡിലെ ഡ്രൈ ക്ലീനിങ് സ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. നേരത്തെയും മോഷണക്കേസില്‍ ഉള്‍പ്പെട്ട അയല്‍ജില്ലക്കാരനാണ് പ്രതി. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി.

സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. കടയിലേക്ക് പൂര്‍ണനഗ്നനായി ഒരു ബാഗുമായി കയറിയ ഇയാള്‍ കയ്യില്‍ ഗ്ലൗസ് ധരിച്ചിരുന്നു. സി.സി.ടി.വി ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാള്‍ മുഖത്ത് മാസ്‌ക് ധരിച്ച് മോഷണം നടത്തുകയായിരുന്നു.

ബുധനാഴ്ച രാത്രി 11.37നാണ് വണ്ടര്‍ ക്ലീന്‍ എന്ന അലക്ക് സ്ഥാപനത്തില്‍ ഇയാള്‍ കയറിയത്. കടയുടെ പിറകിലെ ആസ്ബസ്റ്റോസ് ഷീറ്റ് പൊളിച്ച് അകത്തുകടന്ന ഇയാള്‍ ഒരു കെട്ട് വസ്ത്രങ്ങള്‍ മോഷ്ടിച്ചിരുന്നു. ഈ കടയുടെ സമീപത്തുള്ള മര്‍ക്കന്റയിന്‍ എംപ്ലോയീസ് അസോസിയേഷന്റെ ഓഫീസായി പ്രവര്‍ത്തിക്കുന്ന വീട്ടിലും ഇയാള്‍ കയറിയിരുന്നു.