എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (27/11/2021) ഇങ്ങനെ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം

എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം. എംപ്ലോയബിലിറ്റി സെന്ററില്‍ നവംബര്‍ 30 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ വിവിധ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. പ്രായപരിധി 35 വയസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : http://calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ – 0495 2370176

‘ഓപ്പറേഷന്‍ വിബ്രിയോ’ – ജില്ലയില്‍ 22,797 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു

ജില്ലയില്‍ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജലജന്യ രോഗങ്ങള്‍ നിയന്തിക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന ‘ ഓപ്പറേഷന്‍ വിബ്രിയോ’ പരിപാടിയുടെ ഭാഗമായി ഇന്ന് 22,797 കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെ 1,368 ടീമുകള്‍ വിവിധ ആരോഗ്യ ബ്ലോക്കുകളില്‍ രംഗത്തിറങ്ങി. ആകെ 33,778 വീടുകള്‍ സന്ദര്‍ശിച്ചു. ഭക്ഷണസാധനങ്ങള്‍ തയ്യാറാക്കുകയും വില്‍പന നടത്തുകയും ചെയ്യുന്ന 150 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 131 ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. 3,791 ലഘുലേഖകള്‍ വിതരണം ചെയ്തു. സാമൂഹ്യ മാധ്യമങ്ങളില്‍ കൂടിയുള്ള പ്രചരണവും ഊര്‍ജ്ജിതമാക്കി.

വടകര മോഡല്‍ പോളിയിൽ ഡിപ്ലോമ കോഴ്സുകളിൽ സ്‌പോട്ട് അഡ്മിഷന്‍

വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍, 2021-22 അദ്ധ്യായന വര്‍ഷത്തില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുകളിലേക്ക് നവംബര്‍ 29ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്പര്യമുള്ള യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസ്സല്‍ രേഖകളും ആദ്യ ഗഡു ഫീസ് 9100 രൂപയും സഹിതം രക്ഷിതാവിനോടോപ്പം രാവിലെ 11 മണിക്കകം കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാവണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലെ തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയിലെ ബി.ടെക് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, ബി.ടെക് ഫുഡ് ടെക്‌നോളജി കോഴ്‌സുകളിലെ ഒഴിവുകള്‍ വന്നിട്ടുളള സീറ്റുകളിലേക്കും പിന്നീട് വരാവുന്നതുമായ സീറ്റുകളിലേക്കും സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. കീം റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലും കമ്മ്യൂണിറ്റി റിസര്‍വേഷന്‍ പാലിച്ചുകൊണ്ടുമായിരിക്കും അഡ്മിഷന്‍ നടത്തുക. താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ രേഖകൾ സഹിതം മലപ്പുറം ജില്ലയിലെ തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ നവംബര്‍ 30 ന് രാവിലെ 11 മണിക്കകം ഹാജരാകണമെന്ന് ഡീന്‍ ഓഫ് ഫാക്കല്‍റ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്, . ഫോണ്‍ : 0494 2686214.

ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ.ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ ഐ.ടി.ഐ പ്രൊഡക്ഷന്‍ സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍ : 9048922617, 9400635455.

ജനകീയ ഹോട്ടൽ മന്ത്രി ഉദ്‌ഘാടനം ചെയ്തു

കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ ജനകീയ ഹോട്ടൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഏതൊരു ഗ്രാമപഞ്ചായത്തിനും സ്വീകരിക്കാവുന്ന മാതൃകാപരമായ പ്രവർത്തനമാണ് കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് സ്വീകരിച്ചതെന്നും ഇതുപോലെ ജനകീയ സംരംഭങ്ങൾ ഭക്ഷണശാലകളായി മാറ്റാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയിൽപ്പെടുത്തി എല്ലാ പഞ്ചായത്തിലും ജനകീയ ഹോട്ടൽ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ കക്കട്ടിൽ ഷോപ്പിംഗ് കോംപ്ലക്സിൽ ജനകീയ ഹോട്ടൽ ആരംഭിച്ചത്. കുടുംബശ്രീ വഴി 20 രൂപക്ക് ഊണ് നൽകുന്ന പദ്ധതിയാണ് ‘ജനകീയ ഹോട്ടൽ’. ലോക്ക് ഡൗണില്‍ മികച്ച സേവനം നൽകി വന്ന സാമൂഹിക അടുക്കളയാണ് ജനകീയ ഹോട്ടലാക്കി മാറ്റിയെടുത്തത്.

കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം. എൽ.എ അധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത, വൈസ് പ്രസിഡന്റ് വി വിജിലേഷ്, സ്ഥിരം സമിതി അംഗങ്ങളായ സി.പി സജിത, റീന സുരേഷ്, ഹേമ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടിപി വിശ്വൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എൻ നവ്യ, കെ ഷിനു, എ രതീഷ്, ഷിബിൻ എം, മുരളി കുളങ്ങരത്ത്, നസീറ കെ.പി, വനജ ഒതയോത്ത്, റിൻസി, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.സി കവിത, കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉദയഭാനു എം.പി, അസിസ്റ്റന്റ് സെക്രട്ടറി വി.പി രാജീവൻ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് ഇന്ന് തുടക്കം

26ാമത് ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് ജില്ലയില്‍ ഇന്ന് (നവംബര്‍ 28) തുടക്കമാകും. രാവിലെ 8.30ന് കോർപറേഷൻ സ്റ്റേഡിയത്തിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുക. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ കണ്ണൂര്‍, കോഴിക്കോട് മലപ്പുറം ജില്ലകളിലെ നാല് സ്റ്റേഡിയങ്ങളിലായി ഇന്ന് മുതൽ ഡിസംബര്‍ 9 വരെ നടക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ഇ.എം.എസ് സ്റ്റേഡിയം, മെഡിക്കല്‍ കോളേജ് സ്റ്റേഡിയം, കൂത്തുപറമ്പ് സ്റ്റേഡിയം എന്നിവിടങ്ങളിലും സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ഇ.എം.എസ് സ്റ്റേഡിയത്തിലും നടക്കും. രാവിലെ 9.30നും ഉച്ചയ്ക്ക് ശേഷം 2.30 നുമായി ദിവസം രണ്ട് കളിയാണ് നടക്കുക. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.

പൊതു വിദ്യാഭ്യാസത്തിൻ്റെ വിശ്വാസ്യത വർധിച്ചു: മന്ത്രി മുഹമ്മദ് റിയാസ്

പൊതുവിദ്യാഭ്യാസത്തിൻ്റെ വിശ്വാസ്യത വർധിച്ച കാലത്താണ് നാമിപ്പോഴുള്ളതെന്ന് പൊതുമരാമത്ത് – ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
വേളം ഹയർ സെക്കൻ്ററി സ്കൂളിൽ പുതുതായി നിർമ്മിച്ച ഹൈസ്കൂൾ ബ്ലോക്ക് കെട്ടിട ഉദ്ഘാടനവും നവീകരിച്ച ഹയർ സെക്കൻ്ററി ലൈബ്രറി ആൻ്റ് റീഡിംഗ് റൂം സമർപ്പണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുവിദ്യാഭ്യാസ മേഖലയിൽ വർഷം തോറും വിദ്യാർഥികളുടെ എണ്ണം കൂടിവരികയാണ്. ഇത് പൊതുവിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം ജനങ്ങൾ ഉൾക്കൊണ്ടു എന്നതിൻ്റെ തെളിവാണ്. പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താൻ കൂട്ടായ പരിശ്രമം ആവശ്യമാണ്. ഈ നേട്ടം എന്നും നിലനിർത്തണം. കൂട്ടായ്മയ്ലൂടെയുള്ള പഠനമാണ് കുട്ടികളിലെ വ്യക്തിത്വ വികാസം വർധിപ്പിക്കുന്നത്. അറിവുല്പാദിപ്പിക്കുന്ന ഫാക്ടറികളാണ് വിദ്യാലയങ്ങൾ. സ്കൂൾ കാലഘട്ടം ജീവിതത്തിൽ മറക്കാനാവാത്തതാണെന്നും മന്ത്രി പറഞ്ഞു. വേളം സ്കൂൾ റോഡിൻ്റെ അസൗകര്യങ്ങൾ പരിഹരിക്കാൻ എല്ലാ വിധ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. കുറ്റ്യാടി മണ്ഡലത്തിൻ്റെ വികസനത്തിനും മന്ത്രി പിന്തുണ അറിയിച്ചു.

കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷനായി.
വേളം ഹയർ സെക്കൻ്ററി സ്കൂൾ ഹെഡ്മാസ്റ്റർ ടി.ബഷീർ റിപ്പോർട്ട് അവതരിപ്പിച്ചു. വേളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നയീമ കുളമുള്ളതിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം.യശോദ, വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.സി.ബാബു മാസ്റ്റർ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മലയിൽ സുമ, വികസന കാര്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സെറീന നടുക്കണ്ടി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് ചെയർമാൻ പി.സൂപ്പി മാസ്റ്റർ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സി.മുജീബ് റഹ്മാൻ, വടകര ഡിഇഒ സി.കെ.വാസു വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.

ജില്ലയിൽ അമ്മത്തൊട്ടിൽ നിർമ്മാണപ്രവൃത്തി ഉടൻ ആരംഭിക്കണമെന്ന് ജില്ലാവികസന സമിതി

ജില്ലയിൽ അമ്മത്തൊട്ടിൽ നിർമ്മാണപ്രവൃത്തി ഉടൻ ആരംഭിക്കാൻ ജില്ലാവികസന സമിതി യോഗത്തിൽ നിർദ്ദേശം. നിർമ്മാണത്തിനായി 20.23 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് കോഴിക്കോട് കോർപ്പറേഷൻ സൂപ്രണ്ടിങ് എൻജിനീയറിൽ നിന്നും സാങ്കേതിക അനുമതി ലഭ്യമായിട്ടുണ്ട്. സർക്കാർ ഡി.എസ്.ആർ നിരക്ക് പുനർ നിർണയിച്ചതിനാൽ പുതുക്കിയ നിരക്ക് പ്രകാരമുള്ള പ്രപ്പോസൽ ഉടൻ സമർപ്പിക്കുമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസർ അറിയിച്ചു.

ലൈഫ് മിഷൻ സർവ്വേയുമായി ബന്ധപ്പെട്ട് മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വകുപ്പുകളും പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ജില്ലാകലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഢി പറഞ്ഞു.

ചെറുപ്ലാഡ് വനഭൂമി ഭൂപ്രശ്നം സംബന്ധിച്ച് കൊടിയത്തൂർ വില്ലേജിലെ കൈവശക്കാർ ഇല്ലാത്ത 80 ഏക്കർ മിച്ചഭൂമിയിൽ നിന്ന് 35 ഏക്കർ മിച്ചഭൂമി കണ്ടെത്തി സ്കെച്ച് ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാകുന്ന മുറക്ക് തുടർനടപടികൾ സ്വീകരിക്കുമെന്ന് ലാൻ്റ് റവന്യൂ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

മാനാഞ്ചിറ വെള്ളിമാട് കുന്ന് റോഡ് ഭൂമിയേറ്റെടുക്കൽ പ്രവർത്തിയോടനുബന്ധിച്ച് രജിസ്ട്രേഷന് അയച്ച 55 ആധാരങ്ങളിൽ 23 എണ്ണത്തിൻ്റെ രജിസ്ട്രേഷൻ നടന്നതായി ലാൻ്റ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. എസ്.എ.എസ് സ്റ്റഡി റിപ്പോർട്ട് ലഭ്യമാക്കി എക്സ്പേർട്ട് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

ഗവ. മെഡിക്കൽ കോളേജിൽ ഒരു ഓക്സിജൻ ജനറേറ്റർ പ്ലാന്റിന്റെ പ്രവർത്തി പൂർത്തിയായതായും രണ്ടാമത്തെ പ്ലാന്റിന്റെ പ്രവർത്തി ആരംഭിച്ചതായും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. ടൗടെ ചുഴലിക്കാറ്റിൽ തകർന്ന തീരദേശ പഞ്ചായത്തുകളിലെ റോഡ് പ്രവർത്തിക്ക് ഫണ്ട് ലഭ്യമാക്കുന്നതിനായി റവന്യൂ വകുപ്പിലേക്ക് എസ്റ്റിമേറ്റ് നൽകിയിട്ടുണ്ട്. ഇവ ലഭ്യമാകുന്ന മുറക്ക് റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കും.

ബീച്ച് ഹോസ്പിറ്റൽ മാസ്റ്റർപ്ലാൻ പ്രവർത്തിക്കായി റിവൈസ്ഡ് പ്ലാനും എസ്റ്റിമേറ്റും കിഫ്‌ബിയുടെയും ആരോഗ്യ വകുപ്പിന്റെയും അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. വയലട – നമ്പികുളം ടൂറിസം പദ്ധതിയിൽ ഇലക്ട്രിക്കൽ പ്രവർത്തിയുടെ ഭാഗമായി സിംഗിൾ ഫേസ് കണക്ഷൻ സ്ഥാപിക്കുമെന്നും കൂടുതൽ ഫണ്ട് ലഭ്യമാകുന്ന മുറക്ക് ത്രീഫേസ് കണക്ഷൻ ലഭ്യമാക്കുമെന്നും ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.

എം. എൽ.എമാരായ പി. ടി.എ റഹീം, തോട്ടത്തിൽ രവീന്ദ്രൻ, ലിന്റോ ജോസഫ്, കെ.കെ രമ, അഡ്വ.കെ.എം സച്ചിൻദേവ്, എ.ഡി.എം സി.മുഹമ്മദ്‌ റഫീഖ്, പ്ലാനിങ് ഓഫീസർ ടി.ആർ.മായ, എം.എൽ.എമാരുടെ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വിവരം അറിയിക്കണം

ഫോട്ടോയിൽ കാണുന്ന അശ്വിന്‍ ആര്‍.പി,( 17) S/O സുബ്രഹ്‌മണ്യന്‍, പരപ്പേരി ഹൗസ്, കോട്ടപ്പടി, വളളിക്കുന്ന് പി.ഒ, മലപ്പുറം എന്നയാളെ 2021 സെപ്തംബര്‍ 15 ന് ഉച്ചക്ക് 12 മണിക്ക് ഇടച്ചിറയിലുളള രാമന്‍ പറമ്പ് വീട്ടില്‍ നിന്നും പുറത്ത് പോയതിന് ശേഷം കാണാതായിരുന്നു. അടയാള വിവരം: 172 സെന്റീമീറ്റര്‍ ഉയരം, മെലിഞ്ഞ ശരീരം, ഇരുനിറം, നീണ്ട മുഖം, കറുത്ത കണ്ണുകള്‍, നീണ്ട കറുത്ത മുടി. വിവരം കിട്ടുന്നവർ ഫറോക്ക് പോലീസ് സ്‌റ്റേഷനിൽ അറിയിക്കണം. ഫോൺ:
0495 2482230, ഇൻസ്‌പെക്ടര്‍ ഓഫ് പോലീസ് : 9497947231

കോവിഡ് ആശുപത്രികളിൽ 1,912 കിടക്കകൾ ഒഴിവ്

ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 2,600 കിടക്കകളിൽ 1,912 എണ്ണം ഒഴിവുണ്ട്. 131 ഐ.സി.യു കിടക്കകളും 66 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 556 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 357 കിടക്കകൾ, 22 ഐ.സി.യു, 22 വെന്റിലേറ്റർ, 281 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

നാല് സി.എഫ്.എൽ.ടി.സികളിലായി 312 കിടക്കകളിൽ 308 എണ്ണം ബാക്കിയുണ്ട്. ഒരു സി.എസ്.എൽ. ടി.സിയിൽ 185 എണ്ണം ഒഴിവുണ്ട്. 66 ഡോമിസിലിയറി കെയർ സെന്ററുകളിൽ ആകെയുള്ള 1,624 കിടക്കകളിൽ 1,331 എണ്ണം ഒഴിവുണ്ട്.