ഊരള്ളൂരിലെ ആയിഷ ഉമ്മയുടേതുള്‍പ്പെടെ രണ്ട് മരണങ്ങള്‍ കൊലപാതകങ്ങളാണെന്ന് കണ്ടെത്തി; ബാലുശ്ശേരിയിലെ എ.എസ്.ഐ ഗിരീഷിന്റെ വിയോഗം സേനക്ക് തീരാനഷ്ടം


ബാലുശ്ശേരി: ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗിരീഷിന്റ പെട്ടന്നുള്ള വിയോഗത്തിലൂടെ പോലീസ് സേനക്ക് നഷ്ടമായത് മികച്ച അന്വേഷണ വിദഗ്ദനെയാണ്. ഗിരീഷ് കുമാര്‍ എസ്.പിയുടെ നാര്‍ക്കോട്ടിക് സ്‌ക്വാഡിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. ഗിരീഷിന്റ കൂടെ അന്വേഷണ മികവിലൂടെ രണ്ട് മരണങ്ങളാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. 2018ല്‍ കൊയിലാണ്ടി ഊരള്ളൂരിലെ ആയിഷ ഉമ്മയുടെയും 2012ല്‍ ചെങ്ങോട്ടുകാവ് സ്വദേശിയുടെ മരണവുമാണ് കൊലപാതകമെന്ന് തെളിയിച്ചത്.

2012 ൽ റെയിൽവെ സ്റ്റേഷൻ റോഡിൽ സമീപം ചെങ്ങോട്ടുകാവ് സ്വദേശി മരിച്ചത് വാഹനാപകടത്തിലാണെന്ന് നിഗമനത്തിലെത്തിയെങ്കിലും എന്നാൽ കൊലപാതകമാണെന്ന് കണ്ടെത്തിയതും ഗിരീഷിൻ്റെ അന്വേഷണ മികവായിരുന്നു. പ്രതിയെ കണ്ടെത്തുന്നതിൽ പ്രധാന പങ്കും ഗിരീഷിൻ്റെതായിരുന്നു.

2018ല്‍ കൊയിലാണ്ടി ഊരള്ളൂരിലെ ആയിഷ ഉമ്മയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതും ഗിരീഷിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനെ കാണിക്കുന്നത് തന്നെയായിരുന്നു. നിരവധി കഞ്ചാവ്, മയക്കുമരുന്ന് കേസുകള്‍ പിടിക്കുന്നതിലും ഗിരീഷിന്റെ അന്വേഷണ പാടവം എടുത്തുപറയേണ്ടത് തന്നെയാണ്. ഊരള്ളൂരിൽ സ്വർണ്ണം പൊട്ടിക്കൽ, തോക്ക് ചുണ്ടി തട്ടി കൊണ്ട് പോയ കേസ് അന്വേഷണത്തിലും ഗിരീഷിൻ്റെ അന്വേഷണ മികവുണ്ടായിരുന്നു. കൂടത്തായ് കൊലപാതക പരമ്പരയിലെ അന്വേഷണ സംഘത്തിലും നിരവധി കൊലപാതക കേസുകളിലെ അന്വേഷണ സംഘത്തിലെയും അംഗമായിരുന്നു ഗിരീഷ്.

പൊലീസ് ഉദ്യോഗസ്ഥനായി 27 വര്‍ഷം സേവനമനുഷ്ടിച്ച ഗിരീഷ് കുമാറിന് മികച്ച പൊലീസ് ഉദ്യോഗസ്ഥനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ അടക്കം 150 ഓളം ഗുഡ്‌സ് എന്‍ട്രികളും സര്‍വീസിനിടയില്‍ നേടിയിട്ടുണ്ട്. എസ്.പി.യുടെ നാര്‍ക്കോട്ടിക് സ്‌ക്വാഡിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു.

ഇന്ന് രാവിലെയാണ് നെഞ്ച് വേദനയെത്തുടര്‍ന്ന് ഗിരീഷ് മരണപ്പെട്ടത്. മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉണ്ണിനായരുടെയും തങ്കയുടെയും മകനാണ്. ദിവ്യ ഭാര്യയാണ്. ഗായത്രി ഏക മകളാണ്.