ഉള്ളൂർക്കടവിലും പാലം; നിർമ്മാണം ഫെബ്രുവരി 20 ന് തുടങ്ങും


കൊയിലാണ്ടി: കാത്തിരിപ്പുകൾക്കൊടുവിൽ ഉള്ളൂർക്കടവ് പാലം നിർമ്മാണത്തിലേക്ക് കടക്കുന്നു. ഈ മാസം 20 ന് ശനിയാഴ്ച വൈകീട്ട് 4 മണിക്ക് പ്രവൃത്തിയുടെ ശിലാസ്ഥാപനം പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരൻ നിർവ്വഹിക്കും. ചെങ്ങോട്ടുകാവ് ഭാഗത്തെ കടവിൽ വെച്ചാണ് ശിലാസ്ഥാപന ചടങ്ങ് നടക്കുക.

കെ.ദാസൻ എം.എൽ.എ, പുരുഷൻ കടലുണ്ടി എം.എൽ.എ എന്നിവരും വിവിധ ജനപ്രതിനിധികളും സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.

ഉള്ളൂർക്കടവ് പാലം വാർത്തകളിൽ നിറയാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഓരോ ഘട്ടങ്ങളിലും ഉയർന്നു വന്ന നിരവധിയായ പ്രശ്നങ്ങളെത്തുടർന്ന് കാലതാമസം ഒരു തുടർക്കഥയാവുകയായിരുന്നു. ഒടുവിൽ സാങ്കേതികക്കുരുക്കൾ അഴിച്ച് ആദ്യ ഭരണാനുമതി തുകയായ 8.50 കോടിയിൽ നിന്നും 16.25 കോടിയിലേക്ക് വർദ്ധിച്ച എസ്റ്റിമേറ്റുമായാണ് പ്രവൃത്തി ആരംഭിക്കാൻ പോകുന്നത്.

ഒൻപത് സ്പാനുകളിലായാണ് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത് പാലത്തിന് ഇരുവശത്തും നടപ്പാതയുൾപ്പെടെ 12 മീറ്റർ വീതിയും 250 മീറ്റർ നീളവുമുണ്ടാവും. മലപ്പുറം കേന്ദ്രമാക്കിയ പി.എം.ആർ കൺസ്ട്രക്ഷൻസ് ആണ് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. പൊതുമരാമത്ത് കോഴിക്കോട് പാലം ഡിവിഷനാണ് നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്.