ഉള്ളിയേരി സ്വദേശിയും മുന്‍ കേന്ദ്ര ഫിഷറീസ് കമ്മീഷണറുമായ എം.കെ രവീന്ദ്രന്‍ നായര്‍ അന്തരിച്ചു


കൊയിലാണ്ടി: ഉള്ളിയേരി സ്വദേശിയും മുന്‍ കേന്ദ്ര ഫിഷറീസ് കമ്മീഷണറുമായ എം.കെ രവീന്ദ്രന്‍ നായര്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. മാസങ്ങളായി ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കൊവിഡ് ബാധിതനുമായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

മത്സ്യഗവേഷണ ശാസ്ത്രജ്ഞനായ രവീന്ദ്രന്‍ നായര്‍ 2000 മുതല്‍ 2010 വരെ ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരില്‍ ഫിഷറീസ് കമ്മീഷണറും ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറലുമായി സേവനമനുഷ്ഠിച്ചിരുന്നു.

കേന്ദ്ര ഫിഷറീസ് കമ്മീഷണറായിരിക്കെ തലായി, കൊയിലാണ്ടി, നീണ്ടകര മുതലായ ഫിഷിംഗ് ഹാര്‍ബറുകള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുവദിച്ച് ലഭിക്കുവാന്‍ വേണ്ടി മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചിരുന്നു.

1992 മുതല്‍ 2000 വരെ കൊച്ചിയില്‍ കേന്ദ്ര സര്‍കാര്‍ ഫിഷറീസ് സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആയിരിക്കെ 1998 ല്‍ നാല് മാസം നീണ്ടു നിന്ന സാഹസികമായ ഇന്ത്യന്‍ അന്റാര്‍ട്ടിക് എക്‌സ്‌പെഡിഷനെ നയിച്ചത് അദ്ദേഹമാണ്. കൂടാതെ രാജ്യത്തെ മത്സ്യബന്ധന മേഖലയിലെ നിരവധി നയപരമായ ചുവട് വെപ്പുകളില്‍ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. സംസ്‌കൃതത്തില്‍ അഗാധമായ പാണ്ഡിത്യവും ഉണ്ടായിരുന്നു.

പരേതനായ കെ.വി ഗോവിന്ദന്‍ നായരുടെയും നാരായണി അമ്മ ടീച്ചറുടെയും മൂത്ത മകനായി 1949 ആഗസ്റ്റ് അഞ്ചിനാണ് രവീന്ദ്രന്‍ നായര്‍ ജനിച്ചത്. ഗുരുവായൂരപ്പന്‍ കോളേജ്, എസ്.എച്ച് കോളേജ് തേവര എന്നിവിടങ്ങളില്‍ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തുടര്‍ന്ന് റഷ്യയിലെ യൂണിവേഴ്‌സിറ്റി ഓഫ് സെയിന്റ് പീറ്റേഴ്‌സ്ബര്‍ഗ്, യൂണിവേഴ്‌സിറ്റി ഓഫ് അസ്ട്രഖാന്‍, ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബര്‍ഗ് എന്നിവിടങ്ങളില്‍ നിന്ന് വിദഗ്ധ പരിശീലനത്തില്‍ ബിരുദവും അംഗീകാരവും കരസ്ഥമാക്കിയിട്ടുണ്ട്.

ഭാര്യ: പരേതയായ സുമതി ആര്‍. നായര്‍. മക്കള്‍: സൂരജ് ആര്‍. നായര്‍ (സീനിയര്‍ സിസ്റ്റംസം മാനേജര്‍, ഇന്‍ടെല്‍), രാഹുല്‍ ആര്‍. നായര്‍ (ഇന്ത്യന്‍ പോലീസ് സര്‍വീസ്). മരുമക്കള്‍: ഡോ. പി.കെ മല്ലിക, ലക്ഷ്മി കൃഷണന്‍. സഹോദരങ്ങള്‍: സരോജിനി അമ്മ, പ്രഭാകരന്‍ നായര്‍, അരവിന്ദാക്ഷന്‍ നായര്‍.

സംസ്‌കാരം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് ഉള്ളിയേരിയില്‍ നടന്നു.