ഉള്ളിയേരിയിൽ ഡെൽറ്റ വകഭേദം കണ്ടെത്തി; ജനങ്ങള്‍ ജാഗ്രത പാലിക്കണം
ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപ്പഞ്ചായത്ത് 17-ാംവാർഡിൽ കോവിഡ് ഡെൽറ്റ വകഭേദം കണ്ടെത്തി. ഇക്കഴിഞ്ഞ മേയ് 19-ന് ആരോഗ്യവകുപ്പ് ജനിതകപഠനത്തിനുവേണ്ടി നടത്തിയ സാംപിൾ പരിശോധനയിലാണ് വകഭേദം കണ്ടെത്തിയത്. രോഗമുണ്ടെന്ന് സ്ഥിരീകരിച്ച ആൾക്ക് രോഗം മാറിയിട്ടുണ്ട്.
സമൂഹത്തിൽ വളരെ വേഗം വ്യാപിക്കുന്ന വകഭേദമായതിനാൽ മുമ്പ് ഉണ്ടായ രോഗികളുമായി സമ്പർക്കംപുലർത്തിയവരെയും ഏതെങ്കിലുംതരത്തിൽ രോഗസാധ്യത ഉള്ളവരെയും തത്ക്ഷണം കണ്ടെത്തി ചികിത്സ നൽകാനും നിരീക്ഷണത്തിൽ നിർത്തി രോഗവ്യാപനം തടയാനും ലക്ഷ്യമിട്ട് പ്രദേശത്ത് ആരോഗ്യവകുപ്പ് മാസ് ടെസ്റ്റ് ക്യാമ്പുകൾ നടത്തും.
വകഭേദം റിപ്പോർട്ട് ചെയ്ത വ്യക്തി താമസിക്കുന്ന വീടിന്റെ ചുറ്റിലുമുള്ള 40 വീടുകളിൽ സാംപിളെടുത്ത് ഉടൻ പരിശോധനയ്ക്ക് അയക്കും. ആരോഗ്യവകുപ്പ് അധികൃതർ പ്രദേശത്ത് ജാഗ്രതാമുന്നറിയിപ്പുകൾ നൽകി.
കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നും ലക്ഷണമുള്ളവരും സമ്പർക്കമുണ്ടായവരും സ്വമേധയാ മുന്നോട്ടുവന്ന് കൂടുതൽ ടെസ്റ്റുകൾ നടത്തി രോഗനിർണയം ത്വരപ്പെടുത്താൻ സഹകരിക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യർഥിച്ചു.