ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന കാവിലുംപാറയിലുള്ള കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി താമസിപ്പിക്കുമെന്ന് ഇ.കെ.വിജയന്‍ എംഎല്‍എ


കുറ്റ്യാടി: കുറ്റ്യാടി മേഖലയിലെ ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലത്തെയും മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശത്തെയും കുടുംബങ്ങളെ സുരക്ഷിതമായി മാറ്റി താമസിപ്പിക്കാനുള്ള നടപടികള്‍ നടപടികള്‍ റവന്യു അധികാരികളുമായി കൂടിയാലോചിച്ച് സ്വീകരിക്കുമെന്ന് ഇ.കെ.വിജയന്‍ എംഎല്‍എ പറഞ്ഞു. കാവിലുംപാറ പഞ്ചായത്തില്‍ 38 കുടുംബങ്ങളാണ് ഭീഷണിയില്‍ കഴിയുന്നത്. ഭീഷണി നേരിടുന്ന കുടുംബങ്ങളുടെ കണക്കെടുപ്പ് നടത്തുന്നതിന് വില്ലേജ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയതായി എംഎല്‍എ അറിയിച്ചു.

കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ വള്ളുവന്‍കുന്ന്, പൊയിലോംചാല്‍, ഒന്നാം വളവ്, മുക്ക്മുറിയന്‍, ചുരണി റോഡ് തുടങ്ങിയ സ്ഥലങ്ങളും ദുരിതാശ്വാസ ക്യാംപുകളും എംഎല്‍എ സന്ദര്‍ശിച്ചു. ചാത്തങ്കോട്ടുനട ഹൈസ്‌കൂള്‍, പൊയിലോംചാല്‍ അങ്കണവാടി എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.ജി.ജോര്‍ജ്, വൈസ് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്, ജനപ്രതിനിധിയായ അനില്‍കുമാര്‍ പരപ്പുമ്മല്‍, കെ.വി.തങ്കമണി, കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബോബി മൂക്കന്‍തോട്ടം, റോബിറ്റ് പുതുക്കുളങ്ങര,എ.ആര്‍.വിജയന്‍

വില്ലേജ് ഓഫിസര്‍ എം.പി നന്ദകുമാര്‍, റവന്യു ഉദ്യോഗസ്ഥരായ പി.എം.വല്‍സന്‍, കെ.രമേശന്‍ എന്നിവരും എംഎല്‍എയുടെ കൂടെ ഉണ്ടായിരുന്നു.തകര്‍ന്നു കിടക്കുന്ന പക്രംതളം ചുരം റോഡ് അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗതയോഗ്യമാക്കാന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഇ.കെ.വിജയന്‍എംഎല്‍എ പറഞ്ഞു.