മത്സ്യത്തൊഴിലാളികൾ കണ്ടത് മൃതദേഹമല്ല; പാലക്കുളത്ത് കടലില്‍ തോണി മറിഞ്ഞ് കാണാതായ യുവാവിനായുള്ള തിരച്ചിൽ തുടരുന്നു


കൊയിലാണ്ടി: മൂടാടി പാലക്കുളത്ത് കടലില്‍ തോണി മറിഞ്ഞ് അപകടമുണ്ടായി കാണാതായ യുവാവിനായുള്ള തിരച്ചിൽ തുടരുന്നു. നേരത്തേ മൃതദേഹം കടലിൽ കണ്ടതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞെങ്കിലും പിന്നീട് അത് മൃതദേഹമല്ല എന്ന് മനസിലായി. കടലിലുണ്ടായിരുന്ന മരത്തടി പോലുള്ള എന്തോ വസ്തുവാണ് തിരച്ചിലിന് പോയ മത്സ്യത്തൊഴിലാളികൾ മൃതദേഹമാണെന്ന് തെറ്റിദ്ധരിച്ചത്.

നന്തി ലൈറ്റ് ഹൗസിനു സമീപം കുന്നുമ്മത്തായ ഭാഗത്താണ് മൃതദേഹം കണ്ടായി ആദ്യം പറഞ്ഞത്. ഉടൻ തന്നെ മറ്റ് തൊഴിലാളികളെ വിവരമറിയിക്കുകയും കൂടുതൽ തോണികൾ കടലിലേക്ക് പുറപ്പെടുകയും ചെയ്തിരുന്നു. മൃതദേഹം ലഭിച്ചു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഫയർ ഫോഴ്‌സും പോലീസും ആംബുലൻസും സംഭവം സ്ഥലത്തേക്ക് തിരിച്ചു.

നന്തി കടലൂർ മുത്തായത്ത് കോളനിയിൽ ഷിഹാബിനെയാണ് ഇന്നലെ തോണി മറിഞ്ഞ് കടലിൽ കാണാതായത്. ഇരുപത്തിയേഴു വയസാണ്. ഇബ്രാഹിമാണ് പിതാവ്.

ഷിഹാബിനായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. കോടിക്കൽ ബീച്ചിൽ കൊയിലാണ്ടി ഫയർ ഫോഴ്സ് യൂണിറ്റ് ആംബുലൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി നിലയുറപ്പിച്ചിട്ടുണ്ട്. കടലിൽ മത്സ്യത്തൊഴിലാളികളും കോസ്റ്റ്ഗാർഡും ഉൾപ്പെടെയുള്ളവർ ഊർജ്ജിതമായി തിരച്ചിൽ തുടരുകയാണ്.

ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. ഷിഹാബും മറ്റ് രണ്ട് പേരും മത്സ്യബന്ധനത്തിനായി കടലില്‍ പോയ തോണി അതിശക്തമായ തിരയില്‍ പെട്ട് മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കടലൂര്‍ സ്വദേശികളായ സമദും ഷിമിത്തും നീന്തി രക്ഷപെട്ടു.

മീന്‍ പിടിക്കുന്നതിനിടയില്‍ പെട്ടെന്ന് കടല്‍ കൂടുതല്‍ പ്രക്ഷുബ്ദ്ധമാകുകയായിരുന്നു. കൂറ്റന്‍ തിരയില്‍പ്പെട്ട് ഇവരുടെ തോണി മറിഞ്ഞതാണ് അപകടത്തിന് കാരണമെന്ന് സംഭവ സ്ഥലത്തു നിന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നത്.

ഉടനെ തന്നെ നാട്ടുകാരുടെയും മത്സ്യ തൊഴിലാളികളുടെയും സഹായത്തോടെ പോലിസും ഫയര്‍ഫോഴ്‌സും ഉടനെ തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു. വൈകാതെ കോസ്റ്റല്‍ ഗാര്‍ഡും ബോട്ടില്‍ തിരച്ചിലിനായി എത്തി. അന്വേഷണം ഊർജിതമാക്കാൻ ഇന്നലെ വൈകിട്ടോടെ നേവിയുടെ ഹെലികോപ്റ്റര്‍ പാലക്കുളം കടപ്പുറത്തെത്തി. സെര്‍ച്ച് ലൈറ്റ് തെളിച്ചുകൊണ്ട് കടലിന് മുകളില്‍ പറന്നാണ് നേവിയുടെ ഹെലികോപ്റ്റര്‍ തിരച്ചില്‍ നടത്തിയത്.

ഇടയ്ക്കിടെയുള്ള മഴയും കനത്ത തിരമാലകളും തിരച്ചിലിനെ ബാധിച്ചെങ്കിലും അതിനെയെല്ലാം അവഗണിച്ചാണ് തിരച്ചിൽ നടത്തിയത്.