ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത; തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് നിർദേശം
തിരുവനന്തപുരം: കേരളത്തിലെ ചില തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കോഴിക്കോട്, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. 1.5 മുതല്‍ 2 മീറ്റര്‍ വരെ തിരമാലകള്‍ ഉയരാമെന്ന് അറിയിപ്പില്‍ പറയുന്നു. ഫെബ്രുവരി 17 രാത്രി 11.30 വരെയാണ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുള്ളത്.
കടലാക്രമണം രൂക്ഷമാകാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് ഒഴിവാക്കണമെന്നും ഹാര്‍ബറില്‍ സുരക്ഷിതമായി അകലം പാലിച്ച് അവ കെട്ടിയിട്ട് സൂക്ഷിക്കണമെന്നും ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ബീച്ചിലേയ്ക്കുള്ള വിനോദ സഞ്ചാര യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദേശിക്കുന്നു.