ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കായുള്ള അമ്മത്തൊട്ടില്‍ കോഴിക്കോടും; ഇലക്ട്രോണിക് അമ്മത്തൊട്ടിലിന്റെ പ്രത്യേകതകള്‍ ഇങ്ങനെ


കോഴിക്കോട്: രക്ഷിതാക്കള്‍ പല കാരണങ്ങളാല്‍ ഉപേക്ഷിക്കുന്ന പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് സുരക്ഷയും പരിചരണവുമൊരുക്കാനായി കോഴിക്കോട് അമ്മത്തൊട്ടില്‍ ഒരുങ്ങുന്നു. ബീച്ച് ആശുപത്രിയിലാണ് അമ്മത്തൊട്ടില്‍ സ്ഥാപിക്കുക. ഇതിനുള്ള അനുമതി ലഭിച്ചു.

ഇലക്ട്രോണിക് പ്രവര്‍ത്തനരീതിയാണ് നിര്‍ദ്ദിഷ്ട അമ്മത്തൊട്ടിലിന്റെത്. കുഞ്ഞിനെയും കൊണ്ട് പ്രവേശന കവാടത്തില്‍ എത്തുമ്പോള്‍ തന്നെ വാതില്‍ തനിയെ തുറക്കും. കുഞ്ഞിനെ ഉള്ളില്‍ വച്ചാല്‍ ഉടന്‍ വാതില്‍ തനിയെ അടയുകയും ചെയ്യും.

ഉടന്‍ തന്നെ സൈറന്‍ മുഴങ്ങി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അമ്മത്തൊട്ടിലില്‍ കുഞ്ഞ് എത്തിയ വിവരം അറിയാന്‍ കഴിയും. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ക്ക് കുഞ്ഞിനെയെടുത്ത് ആരോഗ്യപരിശോധനകള്‍ നടത്തിയ ശേഷം നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് ബന്ധപ്പെട്ട വകുപ്പിന് കൈമാറാം.

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡാണ് ഇതിന്റെ നിര്‍വ്വഹണ ഏജന്‍സി. ജില്ലാ വനിതാ ശിശുവികസന വകുപ്പിനാണ് അമ്മത്തൊട്ടിലിന്റെ ചുമതല.

ബീച്ച് ആശുപത്രിയുടെ തെക്ക് ഭാഗത്തായാണ് അമ്മത്തൊട്ടില്‍ സ്ഥാപിക്കുക. ആശുപത്രിയുടെ മാസ്റ്റര്‍ പ്ലാനില്‍ തന്നെ അമ്മത്തൊട്ടിലിന് സ്ഥലം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എ. പ്രദീപ് കുമാര്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപയും ഇതിനായി അനുവദിച്ചിട്ടുണ്ട്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.