ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്: പൊതുമേഖലാ ബാങ്കുകളില്‍ 7855 ക്ലര്‍ക്ക് ഒഴിവുകള്‍; വിശദമായി അറിയാം


കോഴിക്കോട്: രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളിലെ ക്ലാര്‍ക്ക് തസ്തികകളിലേക്കുള്ള പരീക്ഷയ്ക്ക് ഇന്ത്യന്‍ ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു .

2021 ഡിസംബര്‍, 2022 ജനുവരി മാസങ്ങളിലായി നടത്തുന്ന പ്രിലിമിനറി, മെയിന്‍ പരീക്ഷകളിലൂടെയാണ് തിരഞ്ഞെടുപ്പ്. ഇതേ തസ്തികയിലേക്ക് ജൂലായ് 12 മുതല്‍ 14 വരെ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. 7855 ഒഴിവുകളാണുള്ളത്. 194 ഒഴിവ് കേരളത്തിലും അഞ്ച് ഒഴിവ് ലക്ഷദ്വീപിലുമാണ്. മലയാളം ഉള്‍പ്പെടെ വിവിധ പ്രാദേശിക ഭാഷകളില്‍ പരീക്ഷയെഴുതാന്‍ സാധിക്കും.

കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള സര്‍വകലാശാലയില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം/കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച തത്തുല്യയോഗ്യത. 2021 ഓഗസ്റ്റ് ഒന്നിനോ അതിനുമുന്‍പോ അവസാന ഫലം പ്രഖ്യാപിച്ചവ മാത്രമേ യോഗ്യതയായി കണക്കാക്കൂ.

ഏത് സംസ്ഥാനത്തെ/കേന്ദ്രഭരണ പ്രദേശത്തെ ഒഴിവിലേക്കാണോ അപേക്ഷിക്കുന്നത് അവിടത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും.

കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. അതിന് കംപ്യൂട്ടര്‍ ഓപ്പറേഷന്‍/ലാംഗ്വേജുമായി ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഡിഗ്രി നേടിയിരിക്കണം. അല്ലെങ്കില്‍ ഹൈസ്‌കൂള്‍/കോളേജ്/ഇന്‍സ്റ്റിറ്റ്യൂട്ട് തലത്തില്‍ കംപ്യൂട്ടര്‍/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഒരു വിഷയമായി പഠിച്ചിരിക്കണം.

2021 ജൂലായ് ഒന്നിന് 20നും 28നും ഇടയിലായിരിക്കണം പ്രായം. അതായത് 02.07.1993നുമുന്‍പോ 01.07.2001 നു ശേഷമോ ജനിച്ചവരായിരിക്കരുത് (രണ്ട് തീയതികളും ഉള്‍പ്പെടെ). ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. (നോണ്‍ ക്രീമിലെയര്‍) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷത്തെയും ഇളവ് ലഭിക്കും.

വിധവകള്‍ക്കും പുനര്‍വിവാഹം ചെയ്യാത്ത വിവാഹമോചിതകള്‍ക്കും ജനറല്‍/ഇ.ഡബ്ല്യു.എസ്. 35, ഒ.ബി.സി. 38, എസ്.സി/എസ്.ടി. 40 എന്നിങ്ങനെയാണ് ഉയര്‍ന്ന പ്രായപരിധി. വിമുക്തഭടര്‍ക്കും നിയമാനുസൃത വയസ്സിളവുണ്ട്.

പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ ഓണ്‍ലൈനായാണ് നടക്കുക. ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രിലിമിനറി പരീക്ഷയ്ക്ക് ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമറിക്കല്‍ എബിലിറ്റി, റീസണിങ് എന്നീ വിഷയങ്ങള്‍. തെറ്റുത്തരത്തിന് നാലിലൊന്ന് മാര്‍ക്ക് നഷ്ടമാവും. കേരളത്തിലേക്കും ലക്ഷദ്വീപിലേക്കും അപേക്ഷിച്ചവര്‍ക്ക് ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്കുപുറമേ മലയാളവും മാധ്യമമായി തിരഞ്ഞെടുക്കാം. അവസാന തീയതി: ഒക്ടോബര്‍ 27. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.ibps.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

കേരളത്തിലെ ഒഴിവുകള്‍ ഇങ്ങനെ

ബാങ്ക് ഓഫ് ഇന്ത്യ – 3
ബാങ്ക് ഓഫ് മഹാരാഷ്ട്ര – 13
കാനറാ ബാങ്ക് – 25
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ – 29
ഇന്ത്യന്‍ ബാങ്ക് – 40
പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് – 2
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ – 82

ലക്ഷദ്വീപിലെ ഒഴിവുകള്‍

കാനറാ ബാങ്ക് – 4 (ജനറല്‍ 2, എസ്.ടി. 2)
യൂക്കോ ബാങ്ക് – 1 (ജനറല്‍)

മറ്റ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഒഴിവുകള്‍

അന്തമാന്‍ ആന്‍ഡ് നിക്കോബാര്‍ – 5
ആന്ധ്രാപ്രദേശ് – 387
അരുണാചല്‍ പ്രദേശ് – 13
അസം – 191
ബിഹാര്‍ – 300
ചണ്ഡീഗഢ് – 33
ഛത്തീസ്ഗഢ് – 111
ദാദ്ര ആന്‍ഡ് നഗര്‍ഹവേലി & ദാമന്‍ ആന്‍ഡ് ദിയു – 3
ഡല്‍ഹി – 318
ഗോവ – 59
ഗുജറാത്ത് – 395
ഹരിയാന – 133
ഹിമാചല്‍ പ്രദേശ് – 113
ജമ്മു ആന്‍ഡ് കശ്മീര്‍ – 26
ജാര്‍ഖണ്ഡ് – 111
കര്‍ണാടക – 454
മധ്യപ്രദേശ് – 389
മഹാരാഷ്ട്ര – 882
മണിപ്പുര്‍ – 6
മേഘാലയ – 9
മിസോറം – 4
നാഗാലാന്‍ഡ് – 13
ഒഡിഷ – 302
പുതുച്ചേരി 30
പഞ്ചാബ് – 402
രാജസ്ഥാന്‍ – 142
സിക്കിം – 28
തമിഴ്നാട് – 843
തെലങ്കാന – 333
ത്രിപുര – 8
ഉത്തര്‍പ്രദേശ് – 1039
ഉത്തരാഖണ്ഡ് – 58
പശ്ചിമബംഗാള്‍ – 516