ഉത്സവങ്ങൾ നടത്താം, ഈ മാർഗ നിർദേശങ്ങൾ പാലിച്ച്


കോഴിക്കോട്: മലബാറിൽ ക്ഷേത്രോത്സവങ്ങൾ ആരംഭിച്ചതോടെ ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട കോവിഡ് മാർഗ്ഗരേഖ പുറത്തിറക്കിയിരിക്കുകയാണ് സർക്കാർ. കോവിഡിന്റെ പുതിയ വകഭേദമായ അതിതീവ്ര വൈറസ് സാനിധ്യം കേരളത്തിലും റിപ്പോർട്ട് ചെയ്തതോടെയാണ് ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ് മാർഗ്ഗരേഖ പുറത്തിറക്കിയത്.

ക്ഷേത്രോത്സവങ്ങൾ പരമാവധി ചടങ്ങുകൾ മാത്രമായി നടത്തണം. പൊതുപരിപാടികൾ നടത്തുന്നതിന് ആരോഗ്യ വകുപ്പിന്റെ മുൻകൂർ അനുമതി തേടണമെന്നും, കൺടെയ്ൻമെൻറ് സോണുകളിൽ ഉത്സവങ്ങളോ അതുമായി ബന്ധപ്പെട്ട് പരിപാടികളോ നടത്തരുതെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു. 65 വയസ്സിന് മുകളിലുള്ളവർ, പത്തുവയസ്സിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, മറ്റ് ഗുരുതര രോഗമുള്ളവർ എന്നിവർ ഉത്സവങ്ങളിലോ സാംസ്കാരിക പരിപാടികളിലോ പങ്കെടുക്കരുത്.

സമൂഹസദ്യ അനുവദിക്കില്ല. ആചാരത്തിന്റെ ഭാഗമായി അത് നടത്തേണ്ടവരുണ്ടെങ്കിൽ വ്യക്തികൾ തമ്മിൽ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഉത്സവ സ്ഥലത്ത് ആൾക്കൂട്ടം ഉണ്ടാവാതിരിക്കാൻ സംഘാടകർ ശ്രദ്ധിക്കണം. അടച്ചിട്ട സ്ഥലങ്ങളിൽ ആളുകൾ നിശ്ചിത എണ്ണത്തിൽ കൂടാൻ പാടില്ല. പ്രവേശന കവാടത്തിൽ രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്താനുള്ള പരിശോധനകൾ ഉണ്ടാവണം. രോഗപ്പകർച്ചാ സാധ്യതകൾ ഉള്ള സ്ഥലങ്ങളിൽ സംഗീത ഗ്രൂപ്പുകളെയും മറ്റും അനുവദിക്കരുതെന്നും നിർദേശത്തിൽ പറയുന്നു.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക