ഉത്തർപ്രദേശിലെ കർഷക കൂട്ടക്കൊല; കർഷകർക്കിടയിലേക്ക് ബിജെപി നേതാക്കൾ വാഹനം ഇടിച്ചു കയറ്റുന്ന ഞെട്ടിക്കുന്ന ദൃശ്യം, വീഡിയോ കാണാം


ന്യൂഡൽഹി: ലഖിംപൂരിൽ കർഷകർക്കിടയിലേക്ക് ബിജെപി നേതാക്കൾ വാഹനം ഓടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ജീപ്പ് ഓടിച്ചുകയറ്റുന്ന ദൃശ്യം ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.

“ലഖിംപൂർ ഖേരിയിൽ നിന്നുള്ള അസ്വസ്ഥപ്പെടുത്തുന്ന ദൃശ്യങ്ങൾ. മോദി സർക്കാരിന്‍റെ മൗനം ഈ കുറ്റത്തിലെ അവരുടെ പങ്കാളിത്തം വ്യക്തമാക്കുന്നു”- ദൃശ്യങ്ങള്‍ പങ്കുവെച്ച് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു.

കൊടിയുമേന്തി നടന്നു നീങ്ങുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ഒരു ജീപ്പാണ് ഇടിച്ചുകയറ്റിയത്. വെള്ള ഷർട്ടും പച്ച തലപ്പാവും ധരിച്ച കര്‍ഷകന്‍ ഇടിയുടെ ആഘാതത്തില്‍ ജീപ്പിടിച്ച് ബോണറ്റിന്‍റെ മുകളിലേക്ക് എടുത്തെറിയപ്പെട്ടു. മറ്റുള്ളവർ പരിഭ്രാന്തരായി റോഡിന്‍റെ ഇരുവശങ്ങളിലേക്കും നീങ്ങുന്നത് കാണാം. ആറോളം പേര്‍ വാഹനമിടിച്ചു നിലത്തുവീണു. കര്‍ഷകരെ ഇടിച്ചിട്ട ജീപ്പ് നിര്‍ത്താതെ പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒരു കറുത്ത എസ്‌യുവി പിന്നാലെ വരുന്നതും കാണാം.