ഉത്തര്‍പ്രദേശിലെ കര്‍ഷക കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ ഡിവൈഎഫ്‌ഐയുടെ രോഷാഗ്‌നി
പേരാമ്പ്ര: ഉത്തര്‍പ്രദേശിലെ കര്‍ഷക പ്രതിഷേധത്തിന് നേരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ വാഹനം ഓടിച്ചു കയറ്റി നാല് കര്‍ഷകരെ കൊല്ലുകയും നിരവധി പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ രോഷാഗ്‌നി സംഘടിപ്പിച്ചു. പേരാമ്പ്രയില്‍ നടന്ന പ്രതിഷേധ പരിപാടി സംസ്ഥാന ട്രഷറര്‍ എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്തു.
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ മന്ത്രിമാര്‍ക്കെതിരെ നടന്ന പ്രതിഷേധത്തിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഓടിച്ച് കയറ്റി കൊലപ്പെടുത്തിയത് നാല് കര്‍ഷകരെയും ഒരു മാധ്യമ പ്രവര്‍ത്തകനെയും ഉള്‍പ്പെടെ 9 പേരെയാണ്. ആശിഷ് മിശ്രയ്ക്കും 14 പേര്‍ക്കുമെതിരെ കൊലപാതകം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി യു പി പോലീസ് കേസും എടുത്തു കഴിഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗം പി.കെ അജീഷ് സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം.എം ജിജേഷ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പി.എസ് പ്രവീണ് അധ്യക്ഷനായി. പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. വിവിധ യൂണിറ്റ് മേഖലാ കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു.