ഉണ്ണികുളത്തെ ഉമ്മുകുല്‍സു കൊലപാതകം: ഭര്‍ത്താവ് താജുദ്ദീന് റിമാന്‍ഡില്‍
ബാലുശ്ശേരി: ഉണ്ണികുളം വീര്യമ്പ്രത്ത് വാടകവീട്ടില്‍ ഉമ്മുകുല്‍സു (31) കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് എടരിക്കോട് സ്വദേശി താജുദ്ദീനെ (34) പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച രാത്രി കോട്ടക്കൽ പൊലീസിൻെറ സഹായത്തോടെ കോട്ടക്കലിനടുത്ത് കൊളത്തൂരിലെ ആളൊഴിഞ്ഞ ക്വാർട്ടേഴ്സിൽനിന്നാണ് താജുദ്ദീനെ പൊലീസ് പിടികൂടിയത്.
കൈക്ക് മുറിവുണ്ടായിരുന്ന താജുദ്ദീനെ ആശുപത്രിയിൽ ചികിത്സക്കുശേഷം ചെവ്വാഴ്ച പുലർച്ചയോടെ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിച്ചു. കൂട്ടുപ്രതികളായ തിരൂർ ഇരിങ്ങാവൂർ സ്വദേശികളായ ആദിത്യൻ ബിജു, ജോയൽ ജോർജ് എന്നിവർ റിമാൻഡിലാണ്.
കഴിഞ്ഞ ദിവസാണ് മലപ്പുറം സ്വദേശിയായ ഉമ്മുക്കുല്‍സുവിനെ വീര്യമ്പ്രത്ത് വാടക വീട്ടില്‍ മുറിവേറ്റ് അവശനിലയില്‍ കണ്ടെത്തിയത്. ഉമ്മുക്കുല്‍സുവിനെ നാട്ടുകാര്‍ ചേര്‍ന്ന് ആദ്യം നന്മണ്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെനിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോകവേയാണ് മരണം സംഭവിക്കുകയായിരുന്നു.
ബാലുശ്ശേരി എസ്.എച്ച്.ഒ. എം.കെ.സുരേഷ് കുമാറിെൻറ നേതൃത്വത്തിൽ ഒമ്പതംഗ പൊലീസ് സംഘം രണ്ടായി തിരിഞ്ഞ് കോട്ടക്കലിൽ ക്യാമ്പ് ചെയ്താണ് കോട്ടക്കൽ പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.
കോട്ടക്കൽ പൊലീസിൽ താജുദ്ദീെൻറ പേരിൽ പോക്സോ അടക്കം 12ഓളം കേസുകളുണ്ടെന്ന് ബാലുശ്ശേരി പൊലീസ് പറഞ്ഞു. അന്വേഷണം ഊർജിതമാണെന്നറിഞ്ഞതോടെ ഒളിച്ച സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കമ്പിവേലിയിൽ തട്ടി താജുദ്ദീന്റെ കൈക്ക് മുറിവേറ്റിരുന്നു. കൽപകഞ്ചേരി സ്റ്റേഷൻ പരിധിയിലെ ഇരിങ്ങാവൂരിൽ കാർ ഉപേക്ഷിച്ചനിലയിലും കണ്ടെത്തിയിട്ടുണ്ട്
താജുദ്ദീനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നും ബാലുശ്ശേരി പൊലീസ് പറഞ്ഞു. അന്വേഷണ സംഘത്തോടൊപ്പം പ്രിൻസിപ്പൽ എസ്.ഐ പി. റഫീഖ്, ജൂനിയർ എസ്.ഐ മുഹമ്മദ് മുഹസിൻ, എസ്.ഐ രാധാകൃഷ്ണൻ എ.എസ്.ഐ കെ. ഗിരീഷ് കുമാർ, സി.സി.പി.ഒ. സുരാജ്, സി.പി.ഒമാരായ ജംഷിദ്, എം.എം. ഗണേശൻ, സി.എം. ബിജു എന്നിവരുണ്ടായിരുന്നു.