ഈ റോഡിലൂടെ യാത്രക്കില്ലെന്ന് ഓട്ടോക്കാർ; ഗുഡ്സിൽ റേഷൻസാധനങ്ങളുമായി അമ്മമാരുടെ പ്രതിഷേധം


കടിയങ്ങാട്: കടിയങ്ങാട് മാർക്കറ്റ് റോഡിൽ നിന്നും കല്ലൂർ-മാണിക്കോത്ത് ഭാഗത്തേക്ക് റോഡിന്റെ ശോചനീയാവസ്ഥ കാരണം ഓട്ടം നിർത്തി വെച്ച ഓട്ടോക്കാർക്കെതിരെ അമ്മമാരുടെ പ്രതിഷേധം. റേഷൻ കടയിൽ നിന്ന് ഭക്ഷ്യക്കിറ്റും സാധനങ്ങളും വാങ്ങി ഒന്നരക്കിലോ മീറ്റർ ദൂരമുള്ള മാണിക്കോത്ത് -കല്ലൂർ ഭാഗത്തേക്ക് ഓട്ടോക്കാർ പോകാൻ വിസമ്മതിച്ചപ്പോൾ അമ്മമാർ ഗുഡ്സിൽ സാധനങ്ങളുമായി യാത്ര ചെയ്തു പ്രതിഷേധിച്ചുസാമൂഹ്യ മാധ്യമങ്ങളിൽ ഇത് .

ചർച്ചയായതോടെ വാർഡ് മെമ്പറടക്കമുള്ളവർ വിഷയത്തിൽ ഇടപെട്ടു. കുണ്ടും കുഴികളുമുള്ള റോഡിലൂടെയുള്ള യാത്ര വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കാനിടവരുന്നതിനാൽ ഭീമമായ സാമ്പത്തികനഷ്ടം വരുന്നതാണ് ഓട്ടോ താൽക്കാലികമായി നിർത്തി വെച്ചതിന് കാരണമായി ഓട്ടോക്കാർ പറയുന്നത് . അതേസമയം ചേനായി – കല്ലൂർ – കടിയങ്ങാട് റോട്ടിൽ നിരവധി സ്വകാര്യ വാഹനങ്ങൾ നിരന്തരം യാത്ര ചെയ്യുന്നുണ്ടെന്നും ഓട്ടോക്കാരുടെ ഇരട്ടത്താപ്പാണ് ഈ സമരത്തിന് കാരണമെന്നും പ്രദേശവാസികൾ പറയുന്നു.

സമരം തുടരുന്ന പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാർ പറയുന്നു. അടുത്ത കാലത്തായി ടാർ ചെയ്ത റോഡ് പൊട്ടിപ്പൊളിയാൻ കാരണം ഭരണക്കാരുടെ അനാസ്ഥയാണെന്നും നാട്ടുകാർ വാദിക്കുന്നു. അമ്മമാരായ ആയിഷ, രമ, മിനി, അനിത, ഉഷ, നാരായണി തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.