ഈ മഹാമാരിക്കാലം ദുരിതപ്പെയ്ത്ത് മാത്രമല്ല സഹജീവി സ്നേഹത്തിന്റെ പച്ചത്തുരുത്തുകളുടെ കാലം കൂടിയാണ്; മുചുകുന്നിൽ രതീഷുണ്ട്, രതീഷിന്റെ ആത്മസമർപ്പണമുണ്ട്


മൂടാടി: മഹാമാരി വിതയ്ക്കുന്ന ദുരിതത്താൽ നാട് ഭീതിയോടെ പകച്ചു നിൽക്കുമ്പോൾ ഉറവ വറ്റാതെ ഉയർന്നു വരുന്ന നൻമയുടെ കരങ്ങൾ എല്ലാ നാട്ടിലുമുണ്ട്. കോവിഡിന്റെ ആദ്യ ഘട്ടം മുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ നിസ്വാർത്ഥ സേവനം നടത്തി കൊണ്ട് മുചുകുന്നിലെ പ്രദേശവാസികളുടെ ഹൃദയത്തിലിടം നേടിയിരിക്കയാണ് നെരവത്ത് രതീഷ്

മൂടാടി ഗ്രാമ പഞ്ചായത്തിന്റെ ക്വാറന്റയിൻ കേന്ദ്രത്തിന്റെ ചുമതല വഹിച്ചും, വിദേശത്ത് നിന്ന് വരുന്ന ആളുകൾക്ക് സഹായമെത്തിച്ചും, അതിഥി തൊഴിലാളികളെ സഹായിച്ചും രതീഷ് സജീവമായി സന്നദ്ധ പ്രവർത്തന മേഖലയിലുണ്ട്.

സ്വന്തം കാര്യത്തിലുപരി മറ്റുള്ളവർക്കായ് ജോലി മാറ്റി വെച്ച് സ്വന്തം വാഹനത്തിൽ രോഗികളെ ഏതു സമയത്തും മടികൂടാതെ ആശുപത്രിയിലെത്തിക്കാനും ഓട്ടോ ഡൈവർ കൂടിയായ ഈ യുവാവ് മുൻപന്തിയിലുണ്ട്. നാട്ടിലെ സുമനസ്സുകളെ കൂട്ടി യോജിപ്പിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണത്തിന് നേതൃത്വം നൽകി വർത്തമാന കാലത്തെ യുവതയ്ക്ക് മാതൃക തീർക്കുന്ന ഡിവൈഎഫ്ഐ യുടെ മൂടാടി മേഖലാ വൈസ് പ്രസിഡന്റ് കൂടിയാണ് രതീഷ്.