ഈ ഓട്ടോറിക്ഷ ഡ്രൈവിംഗ് ഇത്തിരി വെറൈറ്റിയാണ്; മൂന്ന് ചക്രമുണ്ടെങ്കിലും ഓട്ടം രണ്ട് ചക്രത്തിലാണ്, വീഡിയോ കാണാം


ഗിന്നസ് റെക്കോർഡിൽ ഇടംപിടിക്കുക എന്നത് പലരുടെയും സ്വപ്നമാണ്. അങ്ങനെ രസകരവും അവിശ്വസനീയവുമായ റെക്കോർഡുകൾ സ്ഥാപിച്ച് ഗിന്നസ് റെക്കോർഡിലും മറ്റും ഇടംപിടിച്ച നിരവധി പേരുടെ കഥകളും നമ്മൾ കേട്ടിട്ടുണ്ട്. ജഗതീഷ് മണി എന്ന ചെന്നൈ സ്വദേശി തന്റെ ഓട്ടോറിക്ഷ ഇരു ചക്രങ്ങളിൽ മാത്രമായി 2.2 കിലോമീറ്ററോളം ഓടിക്കുന്നതാണ് വീഡിയോ. ഈ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

2016 ലെ വീഡിയോ ആണ് ഇപ്പോൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഇൻസ്റ്റാഗ്രാം പേജിൽ ത്രോബാക്കായി പങ്കുവെച്ചിരിക്കുന്നത്. ഈ റെക്കോർഡ് സ്വന്തമാക്കാൻ സാധിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല എന്നാണ് അന്ന് ജഗതീഷ് പ്രതികരിച്ചത്.

പോസ്റ്റിന് താഴെ ജഗതീഷിനെ അഭിനന്ദിച്ച് കൊണ്ട് നിരവധി കമന്റുകളും വന്നിട്ടുണ്ട്. 2.9 ലക്ഷം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. മുഴുവൻ സമയ ഓട്ടോ ഡ്രൈവറും പാർട്ട് ടൈം സ്റ്റണ്ട് ആർട്ടിസ്റ്റുമാണ് ജഗതീഷ്. 2016 ൽ ഇരുപത്തിയേഴാം വയസിലാണ് ജഗതീഷ് ഈ റെക്കോർഡ് സ്വന്തമാക്കുന്നത്.

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിലൊന്നായിരുന്നു അത്. ഒരു ഓട്ടോ ഡ്രൈവർക്ക് എന്തുചെയ്യാനാകുമെന്ന് ലോകത്തെ കാണിക്കാൻ എനിക്ക് അവസരം ലഭിച്ച ദിവസം. എന്റെ ആ സ്റ്റണ്ട് ലോകം കാണണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്റെ കഴിവുകൾ തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ട്- ”ജഗതീഷ് പറഞ്ഞു.

ജഗതീഷ് മുമ്പ് റിയാലിറ്റി ടിവി ഷോയായ “ഗിന്നസ് വേൾഡ് റെക്കോർഡ്സ്-അബ് ഇന്ത്യ തോഡെഗ” യിൽ പങ്കെടുത്തിരുന്നു. ആ സമയത്ത് ഇന്ത്യയിലെ ജുഹുയിൽ വെച്ച് മോട്ടോർ ട്രൈസൈക്കിളിൽ ഏറ്റവും കൂടുതൽ സൈഡ്-വീൽ ഡ്രൈവിംഗ് നടത്തിയ റെക്കോർഡും സ്വന്തമാക്കിയിരുന്നു.

വീഡിയോ കാണാം