ഈശ്വരന്‍ ഇഷ്ടമുള്ളവരെ വേഗം വിളിക്കുമെന്ന് പറഞ്ഞത് ഇതാണോ? മറുപടി പറയാന്‍ ഭാഗ്യലക്ഷ്മിയില്ല, നടി ജൂഹി റസ്തഗിയുടെ അമ്മയുടെ വിയോഗവാര്‍ത്തയില്‍ നിന്ന് ഞെട്ടല്‍ മാറാതെ ഉപ്പും മുളകിലെ കേശു
കൊച്ചി: നടി ജൂഹി റസ്തഗിയുടെ അമ്മയുടെ വിയോഗവാര്‍ത്ത ഏറെ വേദനയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരിലുണ്ടാക്കിയത്. അച്ഛന്റെ മരണശേഷം ജൂഹിക്കും സഹോദരന്‍ ചിരാഗിനും കരുത്തായത് അമ്മ ഭാഗ്യലക്ഷ്മിയായിരുന്നു. ഉപ്പും മുളകിലെ കേശുവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ഏവരുടെയും കരളലിയിപ്പിക്കുന്നത്.
ഉപ്പും മുളകും എന്ന പരമ്പരയില്‍ ജൂഹി റസ്തഗിയുടെ സഹതാരമായിരുന്ന അല്‍സാബിത്ത് സമൂഹമാധ്യമങ്ങളില്‍ ഭാഗ്യലക്ഷ്മിയെക്കുറിച്ച് എഴുതിയതിങ്ങനെയാണ്
‘സ്നേഹനിധിയായ ആന്റി. അല്‍സൂ എന്ന സ്നേഹത്തോടെയുള്ള ആ വിളി നിലച്ചു. ഈശ്വരന്‍ ഇഷ്ടമുള്ളവരെ വേഗം വിളിക്കും എന്നെപ്പോഴും ആന്റി പറഞ്ഞത് ഇതാണോ ?”
ഷൂട്ടിനും മറ്റു പരിപാടികള്‍ക്കും അമ്മയാണ് ഒപ്പം വന്നിരുന്നത്. കൂടുതല്‍ ദൂരെയുള്ള പരിപാടിയാണെങ്കില്‍ ചേട്ടന്‍ വരും. കുടുംബത്തിന്റെ പിന്തുണയാണ് കരിയറില്‍ മുന്നേറാനുള്ള കരുത്താണെന്നും ജൂഹി മുമ്പ് പറഞ്ഞിട്ടുണ്ട്. ആ കരുത്താണ് ജൂഹിക്കിപ്പോള്‍ നഷ്ടമായത്.
ബിസിനസ് ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയ രാജസ്ഥാന്‍ സ്വദേശിയായ രഘുവീര്‍ ശരണ്‍ റസ്തഗി കേരളത്തോടുമുള്ള ഇഷ്ടം കൊണ്ട് മലയാളിയെ വിവാഹം ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. ചോറ്റാനിക്കര സ്വദേശി ഭാഗ്യലക്ഷ്മിയെ ജീവിതസഖിയാക്കി അദ്ദേഹം ആഗ്രഹം സഫലമാക്കി. ജൂഹി ഒരു നടി ആകണമെന്ന് അച്ഛന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതു യാഥാര്‍ഥ്യമാകും മുമ്പ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു. എങ്കിലും അമ്മ മക്കള്‍ക്ക് തണലൊരുക്കി കുടുംബം മുന്നോട്ട് കൊണ്ടുപോകുമ്പോഴാണ് ഈ ദുരന്തം.
ശനിയാഴ്ച രാവിലെ 11.45ഓടെ ഇരുമ്പനം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ എച്ച്പിസിഎല്ലിന് മുന്നിലുണ്ടായ അപകടത്തിലാണ് ഭാഗ്യലക്ഷ്മി മരിച്ചത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഭാഗ്യലക്ഷ്മിയെയും മകനെയും പിന്നാലെ വന്ന കുടിവെള്ള ടാങ്കര്‍ ഇടിച്ചിടുകയായിരുന്നു. സ്‌ക്കൂട്ടറില്‍നിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു. തെറിച്ചു വീണ മകന്‍ ചിരാഗിന് കാര്യമായി പരുക്കേറ്റില്ല.