ഇ-ശ്രം: സമ്പൂര്‍ണ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായി ചക്കിട്ടപാറ (വീഡിയോ കാണാം)


പേരാമ്പ്ര: അസംഘടിത തൊഴിലാളികള്‍ക്കായുള്ള ഇ-ശ്രം കാര്‍ഡിന്റെ സമ്പൂര്‍ണ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായി ചക്കിട്ടപാറ. 4011 പേര്‍ക്കാണ് ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് നേതൃത്വത്തില്‍ രജിസ്ട്രേഷന്‍ നടത്തിയത്. തൊഴില്‍വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി സമ്പൂര്‍ണ രജിസ്‌ട്രേഷന്‍ പ്രഖ്യാപനം ഓണ്‍ലൈനായി നിര്‍വഹിച്ചു.

ഇ-ശ്രം രജിസ്ട്രേഷന്‍ നടത്തുന്നതിന് തൊഴില്‍വകുപ്പ്, ക്ഷേമനിധി ബോര്‍ഡ്, ട്രേഡ് യൂണിയനുകള്‍ എന്നിവയുടെ സഹായത്തോടെ ക്യാമ്പുകള്‍ നടത്തിവരികയാണെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാര്‍, ട്രാന്‍സ്ജെന്‍ഡര്‍, അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്കായും തൊഴില്‍വകുപ്പ് രജിസ്ട്രേഷന്‍ ക്യാമ്പുകള്‍ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍, വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്ഥിരംസമിതി ചെയര്‍മാന്‍മാരായ ഇ.എം. ശ്രീജിത്ത്, സി.കെ. ശശി, ബിന്ദു വത്സന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജാ ശശി, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.