ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ക്ക് ജാമ്യം; പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് ജാമ്യം, 3,500 രൂപ ഇരുവരും കെട്ടിവെക്കണം


കണ്ണൂര്‍: ജുഡീഷ്യൽ കസ്റ്റഡിൽ കഴിയുന്ന ഇ ബുൾ ജെറ്റ് യൂട്യൂബർമാരായ എബിൻ, ലിബിൻ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചു. പൊതുമുതൽ നശിപ്പിച്ചതിന് 3500 രൂപ വിതം കെട്ടി വയ്ക്കണം. ആർടിഒ ഓഫീസിലുണ്ടായ നാശ നഷ്ടങ്ങളുടെ തുക കെട്ടിവയ്ക്കാൻ തയ്യാറാണെന്ന് ജാമ്യ ഹര്‍ജിയില്‍ ഇരുവരും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൊതുമുതൽ നശിപ്പിക്കുകയും സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്തവർക്ക് ജാമ്യം നൽകിയാൽ അത് നല്ല സന്ദേശമാകില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ആർടിഒ ഓഫീസിലുണ്ടായ നാശനഷ്ടങ്ങളെത്രയെന്ന് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു. പൊതുമുതൽ നശിപ്പിച്ചു, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി, വധഭീഷണി മുഴക്കി തുടങ്ങിയ ഗുരുതര കുറ്റങ്ങങ്ങളാണ് യൂട്യൂബർമാർക്ക് എതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം യൂട്യൂബര്‍മാരുടെ നെപ്പോളിയൻ എന്ന് പേരിട്ട വിവാദ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. മോട്ടോർ വാഹന വകുപ്പ് നിയമത്തിലെ സെക്ഷൻ 53 (1A) പ്രകാരമാണ് നടപടി. അപകടരമായ രീതിയിൽ വാഹനമോടിച്ചതിനും റോഡ് നിയമങ്ങൾ പാലിക്കാത്തിനുമാണ് നടപടി.