ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജീവിതം സിനിമയാക്കുന്നത് കൊയിലാണ്ടിക്കാരന്‍, ചിത്രീകരണം വിദേശരാജ്യങ്ങളില്‍; സിനിമയുടെ വിശേഷങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമുമായി പങ്കുവച്ച് സംവിധായകന്‍


കൊയിലാണ്ടി: അടുത്തിടെയുണ്ടായ വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാന്‍ ഒടുവില്‍ സംവിധായകനായി. കൊയിലാണ്ടിക്കടുത്ത് നന്തി സ്വദേശിയായ റമീസ് നന്തിയാണ് എബിന്റെയും ലിബിന്റെയും ജീവിതം സിനിമയാക്കുന്നത്. ഇക്കാര്യം ഇ ബുള്‍ജെറ്റ് ഇന്‍സ്റ്റഗ്രാമിലൂടെ സ്ഥിരീകരിച്ചു.

തങ്ങളുടെ ജീവിതകഥ സിനിമയാക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം ഇ ബുള്‍ ജെറ്റ് സഹോദരന്മാരിലൊരാളായ ലിബിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടിരുന്നു. തങ്ങളുടെ ജീവിതം സിനിമയാക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടണം എന്നായിരുന്നു ലിബിന്റെ പോസ്റ്റ്. പതിവുപോലെ ഇതിനു പിന്നാലെ ട്രോളുകളുടെ പെരുമഴയും ഉണ്ടായി.

എന്നാല്‍ കളി കാര്യമാവുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹമുണ്ടെങ്കിലും മറ്റ് രണ്ട് സിനിമകളുടെ പണിപ്പുരയിലായതിനാല്‍ ഇപ്പോള്‍ സമയമില്ലെന്നാണ് സംവിധായകന്‍ ഒമര്‍ ലുലു പ്രതികരിച്ചത്. മല്ലു ട്രാവലറിന്റെ ഗസ്റ്റ് അപ്പിയറന്‍സ് കാണാന്‍ കാത്തിരിക്കുന്നുവെന്നും ഒമര്‍ പറഞ്ഞു.

തുടര്‍ന്നാണ് നന്തിക്കാരനായ റമീസ് തങ്ങളുടെ ജീവിതം സിനിമയാക്കുന്നുവെന്ന് ഇ ബുള്‍ ജെറ്റ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇ ബുള്‍ ജെറ്റിന്റെ വീഡിയോകളുടെ തമ്പ്‌നെയിലുകളില്‍ കാണുന്നത് പോലുള്ള തള്ളാണോ ഇത് എന്ന് പലര്‍ക്കും സംശയമുണ്ടായി.

തുടര്‍ന്നാണ് പേരാമ്പ്ര ന്യൂസ് ഡോട് കോം റമീസ് നന്തിയുമായി സംസാരിച്ചത്. ഇ ബുള്‍ ജെറ്റിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി താന്‍ സിനിമയൊരുക്കുന്നുവെന്ന വിവരം റമീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സ്ഥിരീകരിച്ചു.

എബിനെയും ലിബിനെയും നേരത്തേ പരിചയമുണ്ടെന്ന് റമീസ് പറഞ്ഞു. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങിയിട്ടേയുള്ളൂ. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ മൂന്ന് മുതല്‍ അഞ്ച് മാസം വരെ സമയം വേണ്ടി വരും. ഈ സംയത്തിനുള്ളില്‍ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കുമെന്നും റമീസ് പറഞ്ഞു.

ചിത്രത്തില്‍ ആരെല്ലാമാണ് അഭിനയിക്കുക എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. എബിനെയും ലിബിനെയും തന്നെ അഭിനയിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെയാകും ചിത്രീകരണം. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ സമയമായിട്ടില്ല എന്നും റമീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.