ഇ.ഡി ക്കു മുമ്പിൽ കീഴടങ്ങില്ല; പോരാടാനുറച്ച് സർക്കാർ
തിരുവനന്തപുരം: കിഫ്ബിക്കെതിരേയുള്ള കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണത്തിനെതിരേ ഏറ്റുമുട്ടാനുറച്ച് സർക്കാർ. ചോദ്യം ചെയ്യലിന് കിഫ്ബി മേധാവികൾ ഇപ്പോൾ ഹാജരാകില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ചോദ്യംചെയ്യൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കിഫ്ബി സി.ഇ.ഒ ഡോ.കെ.എം.എബ്രഹാം ഇ.ഡി ക്ക് കത്തുനൽകി. ഇപ്പോൾ നടക്കുന്ന ചോദ്യംചെയ്യൽ നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു.
കിഫ്ബി ഫെമ നിയമം ലംഘിച്ച് വിദേശവായ്പ എടുത്തെന്ന കേസിൽ വ്യാഴാഴ്ച ഹാജരാകാൻ കിഫ്ബി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ വിക്രംജിത് സിങ്ങിന് നോട്ടീസ് നൽകിയിരുന്നു. അദ്ദേഹം പോയില്ല. ഇ.ഡി ആവശ്യപ്പെട്ടെങ്കിലും വെള്ളിയാഴ്ച കിഫ്ബി സി.ഇ.ഒ ഹാജരാകില്ല. കേന്ദ്രധനമന്ത്രി നിർമലാ സീതാരാമന്റെ നിർദേശപ്രകാരമുള്ള ഇ.ഡി.യുടെ ഇടപെടൽ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് മുഖ്യമന്ത്രി കേന്ദ്രത്തിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിൽ കമ്മിഷന്റെ നിലപാട് അറിഞ്ഞശേഷം ചോദ്യംചെയ്യലിന് ഹാജരാകുന്നതിനെപ്പറ്റി തീരുമാനമെടുക്കാമെന്നാണ് സർക്കാരിന്റെ നിലപാട്.
കിഫ്ബിക്കെതിരേ പ്രത്യേക തെളിവുകളുടെ അടിസ്ഥാനത്തിലല്ല ഇ.ഡി ചോദ്യംചെയ്യൽ നടത്തുന്നത്. ഓറൽ സബ്മിഷന് ഹാജരാകാനാണ് നോട്ടീസ്. എന്തിനെക്കുറിച്ചാണെന്ന് വ്യക്തമാക്കിയിട്ടില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ വേണം അന്വേഷണമെന്ന സുപ്രീംകോടതി നിർദേശത്തിന് എതിരാണെന്നാണ് സർക്കാർ വാദം.
ചോദ്യംചെയ്യാൻ ഹാജരാകണമെന്ന് കിഫ്ബി മേധാവികൾക്ക് മൂന്നിന് ലഭിച്ച നോട്ടീസിലെ വിവരങ്ങൾ മാർച്ച് രണ്ടിനുതന്നെ മാധ്യമങ്ങളിൽ വന്നു. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നതിന്റെ തെളിവാണിത്. ഇ.ഡി.യിൽനിന്നാണ് ഇതു ചോരുന്നത്. ഈ ഘട്ടത്തിലെ രാഷ്ട്രീയപ്രേരിതമായ അന്വേഷണം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് പരാതി. അതിനാൽ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതുവരെ ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണം എന്നാണ് സർക്കാർ ആവശ്യം.
അതിനിടെ വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിൽ ഇ.ഡി.ക്കെതിരേ കേസെടുക്കാൻ ആലോചന. ചോദ്യം ചെയ്യലിനിടെ തന്നോട് ഇ.ഡി. ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കിഫ്ബി ഉദ്യോഗസ്ഥയുടെ പരാതി കിഫ്ബി സി.ഇ.ഒ. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കൈമാറി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഇ.ഡി. ഉദ്യോഗസ്ഥരുടെ പേരിൽ കേസെടുക്കും.
ഇ.ഡി. ഉദ്യോഗസ്ഥരുടെ പ്രവൃത്തികൾ നിയമനടപടി ക്ഷണിച്ചുവരുത്തുന്നതാണെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. ഉദ്യോഗസ്ഥരെ ശാരീരികമായി ഉപദ്രവിക്കുമെന്ന ഭാവത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ പെരുമാറിയത്. വനിതാ ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കയച്ച കത്തിൽ മുഖ്യമന്ത്രിയും ആരോപിക്കുന്നുണ്ട്.