ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേ ഇല്ല


എറണാകുളം : ഇ.ഡിക്കെതിരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേ ഇല്ല. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ കേസ് റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ചൊവ്വാഴ്ച വരെ സമയം വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ നടപടി.

ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേ ഏര്‍പ്പെടുത്തണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇടക്കാല ഉത്തരവിടാനും ഹൈക്കോടതി തയ്യാറായില്ല. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കുന്നതുവരെ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി പാടില്ലെന്ന് ഹൈക്കോടതി അറിയിച്ചു.

അതിനിടെ കേസുമായി മുന്നോട്ടുപോകാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി അനുമതി നല്‍കി. ക്രൈംബ്രാഞ്ചിന് സാക്ഷികളുടെ മൊഴി രേഖപ്പെടുത്താമെന്ന് ഹൈക്കോടതി അറിയിച്ചു. ഇ.ഡിക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്തയാണ് കോടതിയില്‍ ഹാജരായത്.