ഇസ്രയേലിലെ പെഗാസസിനെ തിരഞ്ഞ് കൊയിലാണ്ടിയിലെത്തിയ ഉത്തരേന്ത്യക്കാർ, കാര്യം കളിയായി


കൊയിലാണ്ടി: ഇസ്രായേൽ ചാരസോഫ്​റ്റ്​വെയറായ പെഗസസിന്​ കൊയിലാണ്ടിയിൽ എന്താണ്​ കാര്യം? ഇസ്രായേലും കൊയിലാണ്ടിയുമായി യാതൊരു ബന്ധവുമില്ല. പി.എസ്​.സിയടക്കമുള്ള മത്സരപരീക്ഷകൾക്ക്​ പരിശീലനം നൽകുന്ന കൊയിലാണ്ടിയിലെ പെഗസസ്​ എന്ന സ്​ഥാപനത്തി​ന്‍റെ മൊബൈൽ ആപ്പാണ്​ ഓൺലൈനിൽ ശ്രദ്ധനേടുന്നത്​.

ചാര സോഫ്​റ്റ്​വെയറായ പെഗസസ്​ ആണെന്ന്​ കരുതി കഴിഞ്ഞ ദിവസം മുതൽ നിരവധി പേരാണ്​ ‘പെഗസസ്​ ഓൺലൈൻ’ എന്ന ആപ്പ്​ ഡൗൺലോഡ്​ ചെയ്യുന്നത്​. ഗൂഗ്​ൾ പ്ലേസ്​റ്റോറിൽ കഴിഞ്ഞ വർഷം കോവിഡി​ന്‍റെ തുടക്കകാലത്താണ്​ കൊയിലാണ്ടിയിലെ​ പെഗസസ്​ ആപ്​ ലഭ്യമായി തുടങ്ങിയത്​. കഴിഞ്ഞ ആഴ്​ച വരെ ആയിരം ഡൗൺലോഡാണ്​ നടന്നത്​. എന്നാൽ, ഇസ്രായേൽ ചാര സോഫ്​റ്റ്​വെയറായ പെഗസസ്​ രാജ്യത്തെ നിരവധി പ്രമുഖരു​ടെ ഫോൺ വിവരങ്ങൾ ചോർത്തിയെന്ന വാർത്ത പുറത്ത്​ വന്നതിന്​ പിന്നാലെ സ്​ഥിതി മാറിയെന്ന്​ കൊയിലാണ്ടിയിലെ പെഗസസി​ന്‍റെ ഉടമ പറഞ്ഞു. ഇപ്പോൾ ഡൗൺലോഡ്​ രണ്ടായിരം പിന്നിട്ടിരിക്കുകയാണ്.

കോവിഡ്​ കാരണം നേരിട്ടുള്ള പരിശീലന ക്ലാസ്​ പറ്റാതായതോടെയാണ്​ കഴിഞഞ വർഷം കൊയിലാണ്ടിയിലെ പെഗസസ്​ സ്വന്തം ആപ്​ പുറത്തിറക്കിയത്​. ഈ വർഷം ഏപ്രിൽ ഏഴിന്​ അപ്​ഡേറ്റ്​ ചെയ്​തു. പി.എസ്​.സി പരീക്ഷക്കും മറ്റുമുള്ള പരിശീലനമാണ്​ പെഗസസ്​ ഓൺലൈൻ ആപ്പി​ന്‍റെ പ്രത്യേകതയെന്ന്​ പ്ലേസ്​റ്റോറിൽ വ്യക്​തമായി പറയുന്നുണ്ട്​. ആപ്പി​െൻറ റിവ്യൂവിലും ഡൗൺലോഡ്​ ചെയ്​തവർ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്​.

കേരള പി.എസ്​.സിയുടെ മത്സരപരീക്ഷക്കുള്ള ആപ്പാണെങ്കിലും കഴിഞ്ഞ രണ്ട്​ ദിവസമായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നാണ്​ ഡൗൺലോഡ്​ ചെയ്യുന്നതിൽ കൂടുതലും. ​കൊയിലാണ്ടിയിലെ ഓഫീസിലേക്കും ഫോൺകോളുകൾ പ്രവഹിക്കുകയാണ്​. ഹിന്ദിയിലും തമിഴിലുമാണ്​ ​ ചോദ്യങ്ങൾ മുഴുവൻ. എങ്ങിനെയാണ്​ ആപ്​ പ്രവർത്തിപ്പിക്കേണ്ടതെന്നാണ്​ വിളിക്കുന്നവരുടെ ചോദ്യം. മത്സരപരീക്ഷക്കുള്ള ആപ്പാണെന്ന്​ പറഞ്ഞിട്ടും പലരും തൃപ്​തരല്ല. ചാരപ്രവർത്തനത്തിനുള്ളതല്ലെന്നറിഞ്ഞ്​ ചിലർക്ക്​ കാര്യമായ നിരാശയമുണ്ട്​. പാതിരാത്രിയിൽ പോലും ഫോൺവിളികൾ വരുന്നു. ആപ്പിൽ നൽകിയ നമ്പറിലാണ്​ വിളിക്കുന്നത്​.