ഇവിടെ വേര്‍തിരിവുകള്‍ക്ക് ഇടമില്ല; ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എല്ലാ കുട്ടികളും ഒരേ വേഷമണിഞ്ഞ് സ്‌കൂളിലെത്തി; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്


ബാലുശ്ശേരി: വസ്ത്രധാരണത്തിലെ ലിംഗവിവേചനം അവസാനിപ്പിച്ച് ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാന്റും ഷര്‍ട്ടും അണിഞ്ഞ് ഇന്നലെ മുതല്‍ പെണ്‍കുട്ടികളും സ്‌കൂളില്‍ എത്തിത്തുടങ്ങി. പാന്റും ഷര്‍ട്ടും പുരുഷന്മാരുടെ മാത്രം വസ്ത്രമാണെന്ന തെറ്റായ പൊതുധാരണയെ നിശബ്ദമായി പൊളിച്ചെഴുതിയിരിക്കുകയാണ് ബാലുശ്ശേരി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍.

സംസ്ഥാനത്ത് ഇതാദ്യമായാണ് ഹയര്‍ സെക്കന്ററി വിഭാഗത്തിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും യൂനിഫോം വസ്ത്രം ഏകീകരിക്കുന്നത്. ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗത്തിലെ എല്ലാ ലിംഗത്തില്‍ പെട്ട കുട്ടികള്‍ക്കും ഒരേ വസ്ത്രം എന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് രാവിലെ 11:30 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഓണ്‍ലൈനായി നിര്‍വ്വഹിക്കും.

എം.എല്‍.എ സച്ചിന്‍ദേവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സിനിമാ താരം റിമ കല്ലിങ്കല്‍, പൊലീസില്‍ ജെന്‍ഡര്‍ ന്യൂടല്‍ യൂണിഫോം നടപ്പാക്കുന്നതിന് പോരാടിയ പൊലീസുദ്യോഗസ്ഥ വിനയ എന്നിവര്‍ക്കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ജില്ലാ പഞ്ചായത്തംഗം പി.പി. പ്രേമ എന്നിവരും പങ്കെടുക്കും. സംബന്ധിക്കും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള സ്‌കൂളാണെങ്കിലും ഇവിടെ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ആണ്‍കുട്ടികളും ഉണ്ട്. അധ്യാപകരുടെയും പി.ടി.എയുടെയും യൂനിഫോം ഏകീകരണ തീരുമാനത്തെ കുട്ടികള്‍ പൂര്‍ണ്ണമായി സ്വാഗതം ചെയ്തിട്ടുണ്ട്. ചുരിദാറും ഓവര്‍ കോട്ടുമെന്ന പഴയ യൂനിഫോമിനെക്കാള്‍ എത്രയോ സൗകര്യപ്രദമാണ് പുതിയ യൂനിഫോമെന്ന് പെണ്‍കുട്ടികള്‍ ഒരേസ്വരത്തില്‍ പറഞ്ഞു. 200 പെണ്‍കുട്ടികളും 60 ആണ്‍കുട്ടികളുമാണ് ഒന്നാം വര്‍ഷ ബാച്ചില്‍ പഠിക്കുന്നത്.

കുട്ടികള്‍ക്ക് ഇഷ്ടമനുസരിച്ച് ഫുള്‍ കൈ ഷര്‍ട്ടോ ഹാഫ് കൈ ഷര്‍ട്ടോ ധരിക്കാം. ഷാള്‍, തട്ടം തുടങ്ങിയ മതപരമായ വേഷങ്ങള്‍ക്കും അനുവാദമുണ്ട്. ഇറുകുന്ന തരത്തിലുള്ള തയ്യല്‍ ഒഴിവാക്കണമെന്നും പ്രിന്‍സിപ്പല്‍ ആര്‍. ഇന്ദു നിര്‍ദ്ദേശിച്ചു.

അതേസമയം തീരുമാനത്തിനെതിരെ ഒറ്റപ്പെട്ട പ്രതിഷേധങ്ങളും അരങ്ങേറി. എം.എസ്.എഫ് ഉള്‍പ്പെടെയുള്ള ചില സംഘടനകളാണ് പ്രതിഷേധം ഉയര്‍ത്തിയത്. യൂനിഫോം ഏകീകരണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് പ്രവര്‍ത്തകര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍. ഇന്ദുവിനെ ഉപരോധിച്ചു. ആണ്‍കുട്ടികളുടെ യൂനിഫോം പെണ്‍കുട്ടികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന വിചിത്രവാദമാണ് പ്രതിഷേധക്കാര്‍ മുന്നോട്ടു വച്ചത്.

പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ പരിഹരിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഉറപ്പുനല്‍കിയതോടെ സമരക്കാര്‍ പിരിഞ്ഞു പോയി. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ പ്രതിഷേ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് പുറമെ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം നേതാക്കളും സ്‌കൂളിലെത്തിയിരുന്നു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.