ഇളവുകളെല്ലാം എടുത്തുകളയാന്‍ സിമന്റ് കമ്പനികള്‍; സിമന്റ് ചാക്കിന് 125 രൂപവരെ വര്‍ധന
തിരുവനന്തപുരം: സംസ്ഥാനത്ത് സിമന്റ് വില കുതിച്ചുയരുന്നു. രണ്ടുദിവസത്തിനിടെ 125 രൂപയോളമാണ് ഒരുചാക്ക് സിമന്റിന് കൂടിയത്. നിലവിലുളള സ്റ്റോക്ക് പഴയവിലയ്ക്ക് വില്‍ക്കുമെങ്കിലും മൂന്നുദിവസത്തിനകം വിലക്കയറ്റം വിപണിയില്‍ പ്രതിഫലിക്കും.
വിലക്കയറ്റത്തിന് കാരണം അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും ഇന്ധനവിലക്കയറ്റവുമെന്നാണ് കമ്പനികളുടെ വിശദീകരണം. കോവിഡ് പ്രതിസന്ധികളില്‍ നിന്ന് നിര്‍മാണ മേഖല തിരിച്ചുവരുന്നതിനിടെയാണ് സിമന്റിന് വിലകയറുന്നത്. കോവിഡിന് മുമ്പ് ഒരുചാക്കിന് 390 രൂപയായിരുന്നു പരമാവധി വില. മാസങ്ങള്‍ക്ക് മുമ്പ് ഇത് ഉയര്‍ന്ന് 445 രൂപവരെയെത്തിയിരുന്നു. കമ്പികള്‍ നല്കുന്ന ഇളവുകള്‍ ചേര്‍ത്ത് 400 രൂപക്കായിരുന്നു കഴിഞ്ഞദിവസം വരെ ചില്ലറ വില്‍പ്പന. ഇതാണ് 525 രൂപയിലെത്തി നില്‍ക്കുന്നത്.
സ്വകാര്യ കമ്പനികള്‍ വിലകൂട്ടുമ്പോള്‍ പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റും വില ഉയര്‍ത്താന്‍ നിര്‍ബന്ധിതരാകും. കമ്പനികള്‍ സിമന്റിന് തോന്നുംപടി വിലകൂട്ടുന്നത് നിയന്ത്രിക്കണമെന്ന ആവശ്യവുമായി വിതരണക്കാരും രംഗത്തുണ്ട്. കമ്പനികളുമായി നേരിട്ട് സര്‍ക്കാര്‍ ചര്‍ച്ച നടത്തി വില ഏകീകരിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
സിമന്റ് വില കുതിച്ചുയര്‍ന്നാല്‍ കരാര്‍ എടുത്ത പ്രവൃത്തികളില്‍ 30% നഷ്ടമുണ്ടാകുമെന്ന് കാട്ടി സര്‍ക്കാര്‍ കരാറുകാര്‍ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ട്.