ഇലക്ഷന്‍ ഐഡി കാര്‍ഡ് ഇനി ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാം; ചെയ്യേണ്ടത് എന്തെല്ലാം, നോക്കാം വിശദമായി


തിരുവനന്തപുരം: തെരഞ്ഞെടുപ്പുകമ്മിഷന്‍ നല്‍കുന്ന ഇലക്ഷന്‍ ഐഡി കാര്‍ഡിനും റവന്യൂ ഓഫീസ് മുഖേന ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഇനി ഓഫീസുകളിലും ജനസേവന കേന്ദ്രങ്ങളിലും കയറിയിറങ്ങേണ്ട. സ്വന്തം സ്മാര്‍ട്ട്‌ഫോണില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനുള്ള സംവിധാനം വരുന്നു.

വോട്ടര്‍പട്ടികയില്‍ പേരുചേര്‍ത്താല്‍ ജനസേവനകേന്ദ്രം മുഖേനയോ ഓണ്‍ലൈനിലോ ഐ.ഡി. കാര്‍ഡിന് അപേക്ഷിക്കാം. താലൂക്ക് ഓഫീസില്‍നിന്നത് വില്ലേജ് ഓഫീസിലെത്തി ബൂത്ത്ലെവല്‍ ഓഫീസര്‍ (ബി.എല്‍.ഒ.) പരിശോധിച്ച് ഉറപ്പുവരുത്തി വില്ലേജ് വഴി താലൂക്കിലെത്തിയാണ് കാര്‍ഡ് അനുവദിക്കുന്നത്.
പിന്നീട് തപാല്‍വഴി വോട്ടര്‍ക്കു ലഭിക്കും.

ഇനി കാര്‍ഡ് അനുവദിച്ചുകഴിഞ്ഞാല്‍ ലഭിക്കുന്ന അറിയിപ്പനുസരിച്ച് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന https://www.nvsp.in/ സന്ദര്‍ശിച്ച് E-EPIC ക്ലിക്കുചെയ്ത് ലോഗിന്‍ചെയ്താല്‍ ഐ.ഡി. കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

അതില്‍ ലഭിക്കുന്ന ഒ.ടി.പി. നല്‍കിയാല്‍ കാര്‍ഡ് മൊബൈല്‍ഫോണില്‍ ലഭ്യമാകും. ഇത് പ്രിന്റെടുത്ത് ലാമിനേറ്റുചെയ്‌തോ അല്ലാതെയോ സൂക്ഷിക്കാം. പുതുതായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നവര്‍ക്ക് ഈ സൗകര്യം ലഭ്യമാകും.

റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍ക്കായുള്ള ഇ-ഡിസ്ട്രിക്ട് വഴി അനുവദിക്കുന്ന 27 ഇനം സര്‍ട്ടിഫിക്കറ്റുകളും ഇനി ഫോണിലൂടെ ലഭിക്കും. അപേക്ഷ അംഗീകരിച്ച് വരുന്ന എസ്.എം.എസിനൊപ്പം ഒരു ലിങ്കും വരും. ഈ ലിങ്കില്‍ കയറിയാല്‍ നമുക്കനുവദിച്ച സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡാകും.
നേരത്തേ അപ്രൂവ്ചെയ്താലും അക്ഷയ കേന്ദ്രത്തില്‍ പോയി വേണമായിരുന്നു പ്രിന്റെടുക്കാന്‍. റവന്യൂ ഓഫീസുകള്‍ കൂടുതല്‍ ജനകീയമാക്കാനായി ലാന്‍ഡ് റവന്യൂ കമ്മീഷണറും മന്ത്രിയും ഓഫീസര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മലപ്പുറം ജില്ലയില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ നല്‍കിയ ആശയമാണ് ഇതിലൂടെ യാഥാര്‍ഥ്യമായിട്ടുള്ളത്.

വരുമാനം, ജാതി, നേറ്റിവിറ്റി, കൈവശാവകാശം, വണ്‍ ആന്‍ഡ് സെയിം തുടങ്ങി സാധാരണക്കാര്‍ക്ക് ദൈനംദിനം ആവശ്യംവരുന്ന നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ മൊബൈല്‍ വഴി ലഭ്യമാകുന്നതോടെ കോവിഡ് കാലത്ത് വലിയ ഗുണമാണ് ജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെല്ലാമുണ്ടാകുക.