ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ചു; രണ്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് പരിക്ക്


വയനാട്: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച് രണ്ട് ജീവനക്കാര്‍ക്ക് പരിക്ക്. വയനാട് ബത്തേരി ഡിപ്പോയിലാണ് സംഭവം. ജീവനക്കാര്‍ വിശ്രമിക്കുകയായിരുന്ന മുറിയിലാണ് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ചത്.

സംഭവത്തില്‍ കണ്ടക്ടര്‍ പെരുമ്പാവൂര്‍ സ്വദേശി എം.എം മുഹമ്മദ്(45), ഡ്രൈവര്‍ എറണാകുളം സ്വദേശി ജേക്കബ്ബ് ആന്റണി(44) എന്നിവർക്ക് നിസാര പരിക്കേറ്റു.

തിരുവനന്തപുരത്ത് നിന്നും ബത്തേരിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ എത്തിയ എറ്റിസി 258-ാം നമ്പര്‍ സൂപ്പര്‍ ഡീലക്സ് ബസ്സിൽ ഉപയോഗിച്ചു കൊണ്ടിരുന്ന മെഷീൻ ആയിരുന്നു അത്. ബസ് ഡിപ്പോയിലെത്തിയതിനു ശേഷം കണ്ടക്ടറും ഡ്രൈവറും സ്റ്റേ റൂമില്‍ ഉറങ്ങുന്നതിനിടയിലാണ് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടത്.

ശബ്ദം കേട്ട് ഉണര്‍ന്ന ജീവനക്കാര്‍ കണ്ടത് മെഷീന്‍ കത്തുന്നതാണ്. തുടര്‍ന്ന് ബെര്‍ത്തില്‍ നിന്നും തട്ടി താഴേയ്ക്കിടുന്നതിനിടയിലാണ് ഇരുവരുടെയും കൈകള്‍ക്ക് നിസാരമായ പൊള്ളലേറ്റത്. മെഷീന്‍ താഴെ വീണിട്ടും കത്തുന്നത് തുടര്‍ന്നതിനാല്‍ കണ്ടക്ടര്‍ മുഹമ്മദ് ഡിപ്പോയിലെത്തി വിവരം അറിയിച്ചു.

സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മെഷീന്‍ പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ല. ഒരു മാസം മുമ്പ് മൈക്രോ എഫ്എക്സ് കമ്പനിയില്‍ നിന്നും വാങ്ങിയ മെഷീനാണ് പൊട്ടിത്തെറിച്ചത്. ഗുണനിലവാരം കുറഞ്ഞ ബാറ്ററിയാകാം പൊട്ടിത്തെറിക്കാന്‍ കാരണമായതെന്നും ആക്ഷേപമുണ്ട്. ​സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിക്കുന്നതെന്നാണ് ജീവനക്കാര്‍ തന്നെ പറയുന്നത്.

<a href=”https://koyilandynews.com/?p=1610″ target=”_blank” rel=”noopener”><img src=”https://i.imgur.com/3dnCCSC.jpeg” /></a>