ഇറാഖിലെ കപ്പൽ അപകടത്തിൽ കൊയിലാണ്ടി സ്വദേശി അതുൽ രാജ് മരണപ്പെട്ടു


കൊയിലാണ്ടി: ഇറാഖിൽ കപ്പൽ അപകടത്തിൽ കൊയിലാണ്ടി സ്വദേശി മരിച്ചു. കൊയിലാണ്ടി വിരുന്നുകണ്ടി കോച്ചപ്പന്റെ പുരയിൽ വി.കെ.അതുൽ രാജ് (26) ആണ് മരണപ്പെട്ടത്. ഇറാക്ക് എണ്ണക്കപ്പലിലെ ജീവനക്കാരനായിരുന്നു അതുല്‍രാജ്. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം ഒന്‍പത് പേര്‍ മരിച്ചിട്ടുണ്ട്.

ജൂലൈ 13 ന് നടന്ന അപകട വിവരം ഇന്നാണ് അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലാണ് അതുല്‍രാജ് കപ്പല്‍ ജോലിയ്ക്ക് പോയത്. കോച്ചപ്പന്റെ പുരയില്‍ ഉത്തമന്റെയും ജയന്തിയുടെയും മകനാണ്.സഹോദരി അതുല്യ. മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമം തുടങ്ങിയതായി ബന്ധുക്കള്‍ പറഞ്ഞു. കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി വി.മുരളീധരനുമായും ഇറാക്കിലെ ഇന്ത്യന്‍ എംമ്പസിയുമായും ബന്ധപ്പെട്ടിട്ടുണ്ട്.