ഇരു വൃക്കകളും തകരാറിലാണ്, ജീവന്‍ നിലനിര്‍ത്താന്‍ വൃക്ക മാറ്റിവെക്കലല്ലാതെ മറ്റു മാര്‍ഗമില്ല; കീഴരിയൂര്‍ സ്വദേശി ഗോപിക ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു


കീഴരിയൂര്‍: ഇരു വൃക്കകളും പ്രവര്‍ത്തനരഹിതമായി ഗുരുതരാവസ്ഥയിലായ യുവതി വൃക്ക മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് സുമനസ്സുകളുടെ കനിവ് തേടുന്നു. കീഴരിയൂര്‍ സ്വദേശി തൈക്കണ്ടി ഭാഗ്യരാജിന്റെ ഭാര്യ ഗോപിക(32)യാണ് ചികിത്സക്ക് ആവശ്യമായ പണം കണ്ടെത്താന്‍ കഴിയാതെ പ്രയാസമനുഭവിക്കുന്നത്.

ചെറിയ പ്രായത്തില്‍ തന്നെ അസുഖത്തിന് കീഴടങ്ങേണ്ടിവന്ന ഗോപികയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് ഏക മാര്‍ഗ്ഗം. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ഭാഗ്യരാജിന്റെ തുച്ഛമായ വരുമാനം കൊണ്ടാണ് ഈ കുടുംബം കഴിയുന്നത്. ഇവര്‍ക്ക് ആറും ഏഴും വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ ഉണ്ട്.

മറ്റൊരു അസുഖവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഇരു വൃക്കകളും തകരാറിലാണെന്ന് കണ്ടെത്തിയത്. എത്രയും വേഗം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപ ഇതിന് ചിലവ് വരും. ഈ കുടുംബത്തിന് ഇത്രയും വലിയ തുക താങ്ങാന്‍ കഴിയില്ല.

ചികിത്സക്ക് ആവശ്യമായ ഭാരിച്ച ഈ തുക കണ്ടെത്തുന്നതിനായി ഗോപിക ചികിത്സ സഹായ കമ്മിറ്റി എന്ന പേരില്‍ ഒരു കമ്മറ്റി രൂപവല്‍ക്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഭാരവാഹികളായി ടി.എ സലാം (ചെയര്‍മാന്‍), എം.സുരേഷ് (കണ്‍വീനര്‍), കെ.അബ്ദുറഹ്മാന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

സഹായ നിധി സ്വരൂപിക്കാനായി മേപ്പയൂര്‍ ഫെഡറല്‍ ബാങ്ക് ശാഖയില്‍ എക്കൗണ്ട് തുടങ്ങിയിട്ടുമുണ്ട്.
എക്കൗണ്ട് നമ്പര്‍ : 20490100122075
IFSC കോഡ് : FDRL0002049
ഗൂഗിള്‍ പേ : 9447897862