‘ഇരുമ്പ് മോഷണ സ്പെഷ്യലിസ്റ്റിനെ’ പിടികൂടി മുക്കം പോലീസ്; അറസ്റ്റിലായത് പോക്സോ കേസിലെ പ്രതി


മുക്കം: ഒടുവിൽ ഇരുമ്പ് മോഷണ സ്പെഷ്യലിസ്റ്റ് പിടിയിൽ. വർക്ഷോപ്പുകളും ഇന്ഡസ്ട്രികളുമുൾപ്പെടെയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഇരുമ്പ് സാമഗ്രികൾ മോഷണം നടത്തി ആക്രികടകളിൽവിൽപ്പന നടത്തുന്ന മോഷ്ടാവിനെയാണ് മുക്കം പോലീസ് പിടികൂടിയത്.

മുക്കം വെന്റ് പൈപ്പ് പാലത്തിനു സമീപം പുതിയോട്ടിൽ കോളനിയിൽ താമസക്കാരനായ റെനീഫ് എന്ന ആരിഫാണ് അറസ്റ്റിലായത്. കുമാരനെല്ലൂർ മുക്കം റോഡിലുള്ള ഇൻഡസ്ട്രിയലിൽ ഇരുമ്പ് സാധനങ്ങൾ മോഷണം പോകുന്നത് പതിവായതിനെ തുടർന്ന് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മുക്കം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ഇതിനിടയിൽ ഈ കഴിഞ്ഞ പന്ത്രണ്ടാം തീയതി വീണ്ടും ഇതേ സ്ഥാപനത്തിൽ നിന്ന് തന്നെ പുലർച്ചെ ഒരുമണിയോടെ ഓട്ടോയിലെത്തിയ പ്രതി ഇരുമ്പ് പൈപ്പുകൾ മോഷ്ടിച്ചു. തുടർന്ന് മുക്കം പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പ്രതിയെ തിരിച്ചറിയുകയും രണ്ടു ദിവസമായി നിരീക്ഷിച്ചു വരുകയുമായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് വെന്റ് പൈപ്പ് പാലത്തിനു സമീപം വെച്ചു പ്രതിയെ കസ്റ്റഡിയിലെടുത്തത്

തെളിവെടുപ്പിന്റെ ഭാഗമായി ഇയാൾ കളവുമുതലുകൾ വിൽപ്പന നടത്തിയതായി സമ്മതിച്ച മുക്കം അരീക്കോട് റോഡിൽ പെട്രോൾ പമ്പിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന ആക്രികടയിൽ പോലീസ് പരിശോധന നടത്തി. ഇയാൾ വിൽപ്പന നടത്തിയ കളവുമുതലുകളിൽ പ്പെട്ട ഇരുമ്പ് സാമഗ്രികൾ കണ്ടെടുത്തു. ബാക്കിയുള്ള മുതലുകൾ വിൽപ്പന നടത്തിയത് എവിടെയാണെന്ന് അന്വേഷിച്ചു വരികയാണ്.

കൂടാതെ ഇയാൾ കൂടുതൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കളവു നടത്തുന്നതിനായി ഇയാൾ ഉപയോഗിച്ചു വന്നിരുന്ന ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇയാൾ തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ പോക്സോ കേസിൽ പ്രതിയായിരുന്നതായി അന്വേഷണത്തിൽ വ്യക്തമായതായി മുക്കം പോലീസ് അറിയിച്ചു.

മുക്കം ഇൻസ്‌പെക്ടർ കെ. പ്രജീഷിന്റെ നേതൃത്വത്തിൽ മുക്കം എസ്.ഐ സജിത്ത് സജീവ്, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഷെഫീഖ് നീലിയാനിക്കൽ, അനൂപ് മണാശ്ശേരി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.