ഇരുട്ടില്‍ ഇത്തിരി വെട്ടമായി നന്മയുള്ള മനുഷ്യന്‍; വൈദ്യുതി ഇല്ലാത്ത അനാമികക്ക് ഓണ്‍ലൈന്‍ പഠനത്തിനായി സോളാര്‍ വെളിച്ചം; സാമൂഹ്യ പ്രവര്‍ത്തകന്‍ ജോണ്‍സണെ അഭിനന്ദിച്ച് മേപ്പയ്യൂരെന്ന കൊച്ചു ഗ്രാമം


മേപ്പയ്യൂര്‍: ഓണ്‍ലൈന്‍ പഠനത്തിനായി അധ്യാപകര്‍ നല്‍കിയ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ അനാമിക ഇനി എവിടെയും പോകേണ്ട. പഠിക്കാന്‍ വെളിച്ചം വിതറുന്ന ഒപ്പം മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാന്‍ സംവിധാനമുള്ള ഡിജിറ്റല്‍ സൗരവിളക്ക് അനാമികക്ക് ലഭിച്ചു. അപ്രതീക്ഷിതമായി അധ്യാപകരും പിടിഎ ഭാരവാഹികളും വീട്ടി ലെത്തിയതു കണ്ടപ്പോള്‍ ആറാം ക്ലാസുകാരിയായ അനാമിക സന്തോഷിച്ചതും പിന്നീട് പൊട്ടിക്കരഞ്ഞതും മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വാര്‍ത്ത വന്നിരുന്നു.

മേപ്പയൂര്‍ പഞ്ചായത്തിലെ കീഴ്പയൂര്‍ എ.യു.പി സ്‌കൂളില്‍ പഠിക്കുന്ന അനാമികക്ക് ഓണ്‍ലൈന്‍ പഠന സൗകര്യത്തിനായി അധ്യാപകര്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജു ചെയ്യാന്‍ വീട്ടില്‍ വൈദ്യുതി ഇല്ലാത്തതിനാലായിരുന്നു പൊട്ടിക്കരഞ്ഞത്.

വാര്‍ത്ത കണ്ട സാമൂഹിക പ്രവര്‍ത്തകന്‍ പെരുവണ്ണാമൂഴി എംടെക്ക് ഇലക് ഡിജിറ്റല്‍ ഇന്‍ഡസ്ട്രീസ് സ്ഥാപന ഉടമയും അംഗ പരിമിതനമായ ജോണ്‍സന്‍
മഠത്തിനകത്താണ് കീഴ്പയൂരിലെ മുന്നൂറാംകണ്ടി കോളനിയിലെ ചാലുപറമ്പില്‍ വീട്ടിലെത്തി മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ സംവിധാനമുള്ള സൗരവിളക്കു നല്‍കിയത്. സത്വ എന്‍വിരോണ്‍മെന്റ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് സി.പി. ബിനീഷ്, ജനതാദള്‍ ജില്ല പ്രസിഡന്റ് കെ.ലോഹ്യ, വി.സി.ഹരീഷ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.