ഇരുട്ടടി വീണ്ടും; ഇന്ധന വില ഇന്നും കൂട്ടി


കോഴിക്കോട്: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി. ഒരു ലിറ്റര്‍ പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98 രൂപ 70 പൈസയും ഡീസലിന് 93 രൂപ 93 പൈസയുമാണ്. കൊച്ചിയില്‍ പെട്രോളിന് 96 രൂപ 76 പൈസയും ഡീസലിന് 92 രൂപ 11 പൈസയുമായി. കൊവിഡ് പ്രതിസന്ധികാലത്ത് ഇന്ധന വില ഇത്തരത്തില്‍ കൂടുന്നതിനെതിരെ പ്രതിഷേധം ശക്തമാവുന്നുണ്ട്.

ഇതിനിടെ രാജ്യത്തെ ഇന്ധനവില വര്‍ധനവിനെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രംഗത്തെത്തിയിരുന്നു. രാജ്യത്ത് വന്‍ തുകയാണ് കൊവിഡ് വാക്‌സിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചെലവാക്കുന്നതെന്നും ഇത്തരമൊരു സമയത്ത് ക്ഷേമപദ്ധതികള്‍ക്കായി പണം സംഭരിക്കുകയാണ് ഇന്ധന വില വര്‍ധനവിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്നുമാണ് പെട്രോളിയം മന്ത്രി പറയുന്നത്.

‘നിലവിലെ ഇന്ധനവില ജനങ്ങള്‍ക്ക് പ്രശ്‌നമാണെന്നത് ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ 35000 കോടിയിലേറെയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരു വര്‍ഷം വാക്‌സിനായി ചെലവഴിക്കുന്നത്. ഇത്തരമൊരു മോശം സമയത്ത് ക്ഷേമപദ്ധതികള്‍ക്കായി ഞങ്ങള്‍ പണം ശേഖരിക്കുകയാണ്,’ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന പറഞ്ഞു.